Asianet News MalayalamAsianet News Malayalam

കോൺഗ്രസിലെ കരുത്തൻമാരുടെ ചങ്കിടിപ്പ് കൂട്ടിയ രാഹുലിന്‍റെ കൊച്ചി പ്രസംഗം

സിറ്റിംഗ് എംപിമാർ വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന മധുരപ്രതീക്ഷയിൽ അരയും തലയും മുറുക്കുകയാണ്. തലസ്ഥാനത്ത് തരൂർ മുതൽ കെവി തോമസടക്കം പല നേതാക്കളും മണ്ഡലത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. 

senior Congress leaders irritated after rahul gandhis kochi speech
Author
Kerala, First Published Jan 30, 2019, 1:17 PM IST

കൊച്ചി മറൈൻ ഡ്രൈവിലെ നേതൃസമ്മേളനം കോൺഗ്രസിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റ തുടക്കം തന്നെയായിരുന്നു. പരിപാടി വിജയിപ്പിക്കാനായി വലിയ ഒരുക്കങ്ങളാണ് ഗ്രൂപ്പ് ഭേദമില്ലാതെ നേതാക്കൾ നടത്തിയത്. മോശമല്ലാത്ത ജനക്കൂട്ടവും സമ്മേളനത്തിന് എത്തി. സമ്മേളനം വൻവിജയം, സംസ്ഥാന കോൺഗ്രസിന് ആകെ ഒരു പുത്തനുണർവ്... പക്ഷെ ഉണർവിനൊപ്പം പലതരം ആശങ്കകളും അഭ്യൂഹങ്ങളും  വളർന്നിരിക്കുന്നു. അതിൽ പ്രധാനം രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഒരു നിർദ്ദേശം തന്നെയാണ്. പാർട്ടിയിൽ ചെറുപ്പക്കാര്‍ക്കും സ്ത്രീകൾക്കും പ്രാതിനിധ്യം വേണമെന്ന് അതിശക്തമായി അദ്ദേഹം പറഞ്ഞിരിക്കുന്നു.

വേദിയിൽ ഇതിലേറെ സ്ത്രീകളെ താൻ പ്രതീക്ഷിച്ചെന്നും നിരന്നിരുന്ന പുരുഷ കേസരികളെ നോക്കി രാഹുൽ തുറന്നടിച്ചു. ഇത് പാർട്ടിയിൽ പുതിയൊരു ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ്. അതി നിർണായക തെരഞ്ഞെടുപ്പെന്ന് പറഞ്ഞ് പഴയ പടക്കുതിരകൾ തന്നെ അങ്കത്തിനിറങ്ങാൻ കച്ച മുറുക്കുന്നതിനിടെയാണ് ഇടിത്തീപോലെ രാഹുലിന്‍റെ സ്ത്രീപക്ഷ നിലപാട് എത്തിയത്.

രണ്ടു തവണ മത്സരിച്ചവരെ പോലും മാറ്റി പുതുമുഖങ്ങൾക്ക് പരമാവധി അവസരം കൊടുക്കാൻ ഇടതുമുന്നണി തയ്യാറെടുക്കുമ്പോഴാണ് അഞ്ചും ആറും തവണ മത്സരിച്ചവർ കോൺഗ്രസിനെ 'രക്ഷിക്കാനായി' വീണ്ടും പടച്ചട്ടയണിയാൻ സ്വയം സജ്ജരാകുന്നത്.  കെവി തോമസടക്കം സിറ്റിങ് എംപിമാർ സ്ഥാനാർത്ഥി കുപ്പായം തുന്നിച്ച് റെഡിയായി ഇരിക്കുന്നു. മധ്യപ്രദേശും രാജസ്ഥാനുമടക്കം അഞ്ചു സംസ്ഥാനങ്ങളിൽ ബിജെപി തോറ്റതോടെ കേന്ദ്രത്തിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്ന കണക്കുകൂട്ടലിലാണ് പഴയ താപ്പാനകൾ. ഈ സമയത്ത് ജയിച്ചു കയറിയാൽ ചിലപ്പോൾ പ്രായവും പക്വതയും പരിചയവും പരിഗണിച്ച് ഒരു കേന്ദ്രമന്ത്രിക്കസേര പോലും തടഞ്ഞേക്കുമെന്നും സ്വപ്നം കാണുന്നവരുണ്ട്. അതിനവർ കണ്ടെത്തുന്ന ന്യായം 'ജീവന്മരണ പോരാട്ടം' എന്ന പഴയ പല്ലവിയും! 

പക്ഷേ, പഴയ പടക്കുതിരകൾ രാഹുലിന്‍റെ കൊച്ചി പ്രസംഗത്തോടെ കനത്ത നിരാശയിലാണ്. ഇനിയെങ്ങാനും പറഞ്ഞ പോലെ രാഹുൽ പുതുമുഖങ്ങൾക്കും വനിതകൾക്കുമായി വാശി പിടിക്കുമോ? ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ച് ഇവിടെ നിന്ന് അയക്കുന്ന പട്ടിക രാഹുൽ വെട്ടിത്തിരുത്തുമോ? അങ്ങനെ പോകുന്നു ആശങ്കകള്‍. വമ്പന്മാർക്കു നെഞ്ചിടിക്കുമ്പോൾ മറുവശത്ത് വനിതാ നേതാക്കളും പുതുരക്തങ്ങളും വലിയ പ്രതീക്ഷയിലുമാണ്. രാഹുലിന്‍റെ കൊച്ചി പ്രസംഗത്തിലെ ഒറ്റ പരാമ‍ർശം ഉണ്ടാക്കിവച്ച ആശങ്കയും പ്രതീക്ഷയും കോൺഗ്രസിന്‍റെ ഉപശാലകളിൽ വലിയ ചർച്ചയായിരിക്കുന്നു.

ഇനി മറ്റൊരു കാര്യം, വിമാനത്താവളത്തിൽ നിന്ന് രാഹുൽ നേരെ പോയത് മുൻ എംപി എം ഐ ഷാനവാസിന്‍റെ വീട്ടിലേക്കാണ്. അന്തരിച്ച നേതാവിന്‍റെ കുടുംബത്തെ സന്ദർശിച്ച് അദ്ദേഹം അൽപ്പനേരം ചെലവിട്ടു. തൊട്ടു പിന്നാലെ ഷാനവാസിന്‍റെ മകൾ അമീന ഷാനവാസിന്‍റെ പ്രതികരണം വന്നു, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണ്! വയനാട്ടിൽ ഷാനവാസിന്‍റെ മകളെ സ്ഥാനാർത്ഥിയാകാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുന്നെന്ന വാർത്തകൾക്കിടയിലാണ് അമീന സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിക്കുന്നത്. ഇതും വയനാട്ടിലേക്ക് കുപ്പായം തുന്നിയിരിക്കുന്ന പല പ്രമുഖരുടേയും ചങ്കിടിപ്പേറ്റിയിരിക്കുന്നു. യുഡിഎഫിന്‍റെ ഏറ്റവും സുരക്ഷിത സീറ്റായ വയനാട്ടിൽ ഷാനവാസിന്‍റെ മകളെ നിർത്തണമെന്ന് ആരെങ്കിലും ശഠിചാൽ പണിപാളും. കസേരമോഹികളിൽ ഏറെപ്പേരും കടുത്ത നിരാശയിലാണെന്നാണ് വിവരം.

കോട്ടയം കൂടാതെ ഒരു സീറ്റുകൂടി വേണമെന്ന് രാഹുലിനെ കണ്ട് ആവശ്യപ്പെടുമെന്ന് കെഎം മാണി നേരത്തേ തന്നെ പറഞ്ഞിരുന്നു. രാഹുലുമായല്ല, കെപിസിസിയുമായാണ് സീറ്റ് വിഭജനം ചർച്ച ചെയ്യേണ്ടതെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കൾ അതപ്പോഴേ തള്ളിക്കളഞ്ഞു. പക്ഷെ മാണിയും കൂട്ടരും രാഹുലിനെ കണ്ടു, സീറ്റു ചോദിക്കുകയും ചെയ്തു. ഇത് അടുത്ത പൊല്ലാപ്പാകുമോ? മാണി രണ്ടാം സീറ്റിനായി കട്ടയ്ക്കു നിൽക്കുമോ? അതോ പിജെ ജോസഫിനെ വെട്ടിലാക്കാനുള്ള മാണിയുടെ തന്ത്രമാണോ അധിക സീറ്റ് ആവശ്യം? മുതിർന്നുമുറ്റിയ കോൺഗ്രസ് നേതാക്കൾക്ക് അടുത്ത തലവേദന ആയി. ഇനിയെങ്ങാനും രണ്ടാം സീറ്റില്ലെങ്കിൽ മാണിയും ജോസഫും വഴി പിരിയുമോ? രണ്ടില രണ്ടുവഴിക്കാകുമോ? ആ ആലോചന തലവേദനക്ക് പുറമേ കോൺഗ്രസ് നേതാക്കൾക്ക് ചെന്നിക്കുത്തും കൂടിയാകും.

കോൺഗ്രസിനെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണിത്. വളരെ പ്രധാനപ്പെട്ട, ചരിത്രപരമായ തെരഞ്ഞെടുപ്പാണ്, പരമാവധി സീറ്റുകൾ നേടണം. ബിജെപിയെയും കേരളത്തിലെ ഇടതുപക്ഷത്തേയും ഒരുപോലെ എതിർക്കണം. ഈ സമയത്തു അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ പാടില്ല. ദേശീയ നേതൃത്വത്തിന്‍റെ നയം എ കെ ആന്‍റണി കൊച്ചി സമ്മേളനത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷെ മേലെ പറഞ്ഞത് പലതും വിലയിരുത്തി കൂട്ടിവായിക്കുമ്പോൾ, എവിടെയോ, എന്തോ പിഴക്കുന്നുണ്ടോ എന്ന്  ചിലരെങ്കിലും സംശയം പറയുന്നു.  

ഇതിനെല്ലാം ഇടയിലും സിറ്റിംഗ് എംപിമാർ വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന മധുരപ്രതീക്ഷയിൽ അരയും തലയും മുറുക്കുകയാണ്. തലസ്ഥാനത്ത് തരൂർ മുതൽ കെവി തോമസടക്കം പല നേതാക്കളും മണ്ഡലത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാത്തതിനാൽ വടകരയിൽ വട്ടമിട്ടും, ഷാനവാസിന്‍റെ അഭാവത്തിൽ വയനാട്ടിൽ കണ്ണുവച്ചും നിൽക്കുന്നവർ നിരവധി. ഇതിനിടയിലാണ് പുതുമുഖ, സ്ത്രീ പ്രതിനിധ്യമൊക്കെ പറഞ്ഞു സാക്ഷാൽ രാഹുൽ ഗാന്ധി തന്നെ രംഗത്തു വരുന്നത്.

നിലവിലത്തെ നിലയിൽ, അവനവന് സീറ്റുറപ്പിക്കാനായുള്ള നീക്കങ്ങൾ അവനവൻ തന്നെ ശക്തിപ്പെടുത്തണമെന്ന ചിന്തയിലാണ് നേതാക്കൾ. ബൂത്ത് പ്രവർത്തനം ശക്തമാക്കുക, അടിത്തട്ടിൽ പാർട്ടിയുണ്ടാക്കുക എന്നീ ആഹ്വാനങ്ങളൊക്കെ തൽക്കാലും സീറ്റുനോട്ടമുള്ള മുതിർന്ന നേതാക്കളുടെയെങ്കിലും മനസിൽ കയറില്ല. എങ്ങനെയെങ്കിലും സീറ്റുറപ്പിക്കുക, ബാക്കിയെല്ലാം പിന്നെയാകട്ടെ എന്നാണ് ഇന്നത്തെ ചിന്താവിഷയം. നിൽക്കാനൊരു തറയുണ്ടെങ്കിലല്ലേ അഭ്യാസം കാട്ടാനും അടവുകൾ പയറ്റാനും പാർട്ടി വളർത്താനുമാകൂ..

Follow Us:
Download App:
  • android
  • ios