ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടി നല്‍കുന്ന ഒരു മഹാപ്രഖ്യാപനം വരുന്നു. തെരഞ്ഞെടുപ്പിനെ ഉത്തര്‍പ്രദേശിലെ കരുത്തന്മാരായ സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയും സഖ്യമായി നേരിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി ഇരു പാര്‍ട്ടികളും സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുകയാണ്.

ശനിയാഴ്ച നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സഖ്യപ്രഖ്യാപനം നടക്കുമെന്ന സൂചനകള്‍ ഇതിനകം വന്നു കഴിഞ്ഞു. അഖിലേഷ് യാദവിന്‍റെ സമാജ്‍വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയും സഖ്യമായി ഉപതെരഞ്ഞെടുപ്പുകളെ നേരിട്ടപ്പോള്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കാനായത്.

ഇതോടെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഈ സഖ്യം തുടരാനുള്ള തീരുമാനത്തില്‍ ഇരു സംഘങ്ങളും എത്തിച്ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. നേരത്തെ, ദില്ലിയില്‍ മായാവതിയും അഖിലേഷ് യാദവും മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു.

ഇതില്‍ സീറ്റുകള്‍ വിഭജിക്കുന്നത് സംബന്ധിച്ചുള്ള ധാരണളായിട്ടുണ്ട്.ആകെയുള്ള 80 സീറ്റില്‍ 37  സീറ്റുകളില്‍ വീതം മത്സരിക്കാനുള്ള ധാരണയാണ് എസ്പിയും ബിഎസ്പിയും തമ്മില്‍ ഉരുത്തിരിഞ്ഞിരിക്കുന്നതെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് ഈ സഖ്യത്തിന്‍റെ ഭാഗമാകില്ലെന്നും ഉറപ്പായിട്ടുണ്ട്.

എന്നാല്‍, സോണിയ ഗാന്ധിയുടെ റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ അമേഠിയിലും സ്ഥാനാര്‍ഥികളെ സഖ്യം നിര്‍ത്താന്‍ സാധ്യതയില്ല. യുപി പിടിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്ന പൊതുധാരണ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്. അതിനാല്‍  യുപിയിലെ പ്രബല പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കുമ്പോള്‍ അത് പോരാട്ടത്തിന്‍റെ ചൂടേറ്റുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ തവണ 80ല്‍ 73 സീറ്റുകളാണ് ബിജെപി സഖ്യം നേടിയത്.