ലക്നൗ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശിലേറ്റ തിരിച്ചടിക്ക് ബിജെപിയോട് കണക്ക് ചോദിക്കാന്‍ കച്ചകെട്ടി യുപിയിലെ കരുത്തന്മരായ സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയും. അഖിലേഷ് യാദവിന്‍റെ സമാജ്‍വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയും സഖ്യമായി ഉപതെരഞ്ഞെടുപ്പുകളെ നേരിട്ടപ്പോള്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കാനായത്.

ഇതോടെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഈ സഖ്യം തുടരാനുള്ള തീരുമാനത്തില്‍ ഇരു സംഘങ്ങളും എത്തിച്ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. മായാവതിയുടെ ബിഎസ്പിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ധാരണയായതായി എസ്പി നേതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദില്ലിയില്‍ മായാവതിയും അഖിലേഷ് യാദവും മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍ സീറ്റുകള്‍ വിഭജിക്കുന്നത് സംബന്ധിച്ചുള്ള ധാരണളായിട്ടുണ്ട്. ഈ മാസം അവസാനം ഇരു പാര്‍ട്ടികളും ചേര്‍ന്നുള്ള സഖ്യത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് എസ്പി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.

മറ്റ് ചെറു പാര്‍ട്ടികളെയും സഖ്യത്തിലുള്‍പ്പെടുത്തി ശക്തി വര്‍ധിപ്പിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ട്. എന്നാല്‍, സഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകുമോയെന്നുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ രാജേന്ദ്ര ചൗധരി തയാറായില്ല.

ആകെയുള്ള 80 സീറ്റില്‍ 37  സീറ്റുകളില്‍ വീതം മത്സരിക്കാനുള്ള ധാരണയാണ് എസ്പിയും ബിഎസ്പിയും തമ്മില്‍ ഉരുത്തിരിഞ്ഞിരിക്കുന്നതെന്നാണ് സൂചനകള്‍. സോണിയ ഗാന്ധിയുടെ റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ അമേഠിയും ഒഴിച്ചിട്ട് ഒരു വിദൂര സഖ്യ സാധ്യതയ്ക്കും ഇരു പാര്‍ട്ടികളും ശ്രമിക്കുന്നുണ്ട്.

എന്നാല്‍, ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാകാന്‍ സാധ്യതയില്ല. എങ്കിലും റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ഥികളെ സഖ്യം നിര്‍ത്താന്‍ സാധ്യതയില്ല. എന്നാല്‍, രാജ്യം ഉറ്റ് നോക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ മത്സരം നടക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരും.

തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റയ്ക്ക് നേരിടുമെന്ന സൂചനകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്. സഖ്യം അത്ര പ്രധാന്യമുള്ള കാര്യമല്ലെന്നും പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിന് തയാറാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. അഖിലേഷ് യാദവിന്‍റെ ബന്ധുവും ഏറ്റവുമടുത്തയാളുമായ റാം ഗോപാല്‍ യാദവ് കോണ്‍ഗ്രസ് സഖ്യത്തിലുണ്ടാകില്ലെന്നത് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.

യുപി പിടിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്ന പൊതുധാരണ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്. അതിനാല്‍  യുപിയിലെ പ്രബല പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കുമ്പോള്‍ അത് പോരാട്ടത്തിന്‍റെ ചൂടേറ്റുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ തവണ 80ല്‍ 73 സീറ്റുകളാണ് ബിജെപി സഖ്യം നേടിയത്.

നേരത്തെ, പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ച ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍റെ വാക്കുകളെ നേരത്തെ അഖിലേഷ് യാദവ് തള്ളിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിന് മുമ്പ് വിശാല സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവരില്‍ ആര്‍ക്കെങ്കില്‍ പ്രധാനമന്ത്രിയെ സംബന്ധിച്ച് അഭിപ്രായമുണ്ടെങ്കില്‍ അത് അവരുടെ മാത്രമാണെന്നാണ് അഖിലേഷ് പറഞ്ഞത്.