നിസാമാബാദ്: തെലങ്കാനയിൽ ടിആർഎസിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇരു പാർട്ടികളും സൗഹൃദ മത്സരം കളിക്കുകയാണെന്ന് നിസാമാബാദിലെ റാലിയിൽ മോദി കുറ്റപ്പെടുത്തി. അതേ സമയം മഹാസഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് റാലിയിൽ നാളെ രാഹുൽ ഗാന്ധിയും ചന്ദ്രബാബു നായിഡുവും ഒന്നിക്കും. രണ്ട് ലക്ഷം വരെയുളള കാർഷിക കടങ്ങൾ എഴുതിത്തളളുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യം പ്രകടനപത്രിക പുറത്തിറക്കി.

ടിആർഎസ് - ബിജെപി രഹസ്യ ധാരണയിലാണ് തെലങ്കാനയിലെ തെരഞ്ഞെടുപ്പെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറഞ്ഞാണ് പ്രധാനമന്ത്രി ആദ്യദിവസത്തെ പ്രചാരണം പൂർത്തിയാക്കിയത്. ബിജെപിയുമായല്ല, കോൺഗ്രസുമായാണ് ചന്ദ്രശേഖര റാവുവിന്‍റെ കൂട്ടെന്നും ഇരുവരും തമ്മിൽ ഒത്തുകളിയെന്നും മോദിയുടെ ആരോപണം. പാർട്ടിയിലെ കുടുംബാധിപത്യം, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവയിലൊന്നും ടിആർഎസും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, കോൺഗ്രസും എൻഡിഎയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ടിഡിപിയും തമ്മിലുളള സഖ്യത്തെക്കുറിച്ച് മൗനം.

സംസ്ഥാനമെങ്ങും റാലികളിലൂടെ കളം നിറയുന്ന ചന്ദ്രശേഖര റാവുവിനെതിരെ രാഹുൽ ഗാന്ധിയെയും ചന്ദ്രബാബു നായിഡുവിനെയും ഒരു വേദിയിൽ അണിനിരത്തുകയാണ് മഹാസഖ്യം. ഖമ്മം, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് രാഹുലും നായിഡുവും ഒന്നിക്കുന്ന ആദ്യ റാലി. വിശാല പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക് ഒന്നിച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ഇരുവരും ഒരു വേദിയിലെത്തുന്നത് ഇതാദ്യം. തെലങ്കാന രൂപീകരണത്തിന് ജീവത്യാഗം ചെയ്തവർക്ക് സർക്കാർ പദ്ധതികളിൽ പങ്കാളിത്തം ഉറപ്പുനൽകിയാണ് മഹാസഖ്യത്തിന്‍റെ പൊതുമിനിമം പരിപാടി. റാവു സർക്കാരിന്‍റെ വിവാദതീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്നും പ്രകടനപത്രിക പറയുന്നു.