ചൊവ്വാഴ്ചയാണ് യോഗി മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയായ സ്വാമി പ്രസാദ് മൗര്യ ബിജെപി സർക്കാരിനെതിരെ കടുത്ത പ്രതിഷേധം തുറന്നു പറഞ്ഞ് രാജിവച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തമായ തിരിച്ചടിയായ ഈ രാജിക്ക് പിന്നാലെയാണ് വീണ്ടുമൊരു മന്ത്രി രാജിക്കത്ത് നൽകുന്നത്.
ദില്ലി/ ലഖ്നൗ: ഉത്തർപ്രദേശിൽ മുതിർന്ന മന്ത്രിയും പിന്നാക്കവിഭാഗങ്ങൾക്കിടയിലെ ശക്തനായ നേതാവുമായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതിന് പിന്നാലെ വനംമന്ത്രി ദാരാ സിംഗ് ചൗഹാനും രാജി വച്ചു. ഇരുപത്തിനാല് മണിക്കൂറിനകം രണ്ട് സിറ്റിംഗ് മന്ത്രിമാരുൾപ്പടെ അഞ്ച് എംഎൽഎമാർ യുപി ബിജെപിയിൽ നിന്ന് പുറത്തുപോയി എന്നത് വിജയം മാത്രം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനിറങ്ങുന്ന യോഗി ആദിത്യനാഥിന് കനത്ത തിരിച്ചടിയാണ്. പിന്നാക്ക വിഭാഗക്കാരെ തീർത്തും അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്ന ബിജെപി സർക്കാരിനെതിരെ പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്നാണ് രാജിക്കത്തിൽ ദാരാ സിംഗ് ചൗഹാൻ തുറന്നടിക്കുന്നത്. ദാരാ സിംഗ് ചൗഹാന് സമാജ്‍വാദി പാർട്ടിയിലേക്ക് സർവാത്മനാ സ്വാഗതമെന്ന് അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.
അരികുവൽക്കരിക്കപ്പെട്ടവർ, പിന്നാക്കവിഭാഗത്തിൽപ്പെട്ടവർ, ദളിതുകൾ, കർഷകർ, തൊഴിലില്ലാത്ത യുവാക്കൾ എന്നിവരോട് യാതൊരു ആഭിമുഖ്യവും ബിജെപിക്കില്ലെന്ന് രാജിവച്ച ദാരാ സിംഗ് ചൗഹാൻ രാജിക്കത്തിൽ പറയുന്നു. ''വനംപരിസ്ഥിതി വകുപ്പിന്‍റെ മന്ത്രിയെന്ന നിലയിൽ എന്‍റെ കാലത്ത് പരമാവധി ആ വകുപ്പിന് വേണ്ടി ഞാൻ പ്രവർത്തിച്ചു. എന്നാൽ അരികുവൽക്കരിക്കപ്പെട്ടവർ, പിന്നാക്കവിഭാഗത്തിൽപ്പെട്ടവർ, ദളിതുകൾ, കർഷകർ, തൊഴിലില്ലാത്ത യുവാക്കൾ എന്നിവരെ തീർത്തും അവഗണിക്കുന്ന സർക്കാരിന്‍റെ നിലപാട് എന്നെ വല്ലാതെ വേദനിപ്പിച്ചു. ദളിത് സംവരണവും മറ്റ് പിന്നാക്കവിഭാഗങ്ങൾക്കുള്ള സംവരണവും കൊണ്ട് കളിക്കുകയാണ് സർക്കാർ. ഇതെല്ലാം പരിഗണിച്ചാണ് ഞാൻ ഉത്തർപ്രദേശ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്നത്'', ദാഹാ സിംഗ് ചൗഹാൻ പറയുന്നു.
ഇതുവരെ എൻഡിഎ സർക്കാരിൽ നിന്ന് രാജി വച്ചത് രണ്ട് മന്ത്രിമാരടക്കം അഞ്ച് എംഎൽഎമാരാണ്. ബന്ദ ജില്ലയിലെ തിന്ദ്‍വാരിയിൽ നിന്നുള്ള ബ്രിജേഷ് കുമാർ പ്രജാപതി, മൂന്ന് തവണ തുടർച്ചയായി ഷാജഹാൻപൂരിലെ തിൽഹാറിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റോഷൻലാൽ വെർമ, ബിൽഹൗർ എംഎൽഎ ഭഗവതി സാഗർ, രണ്ട് മന്ത്രിമാർ എന്നിവരാണ് രാജിവച്ചിരിക്കുന്നത്. ഇതിനിടെ, രവീന്ദ്രനാഥ് ത്രിപാഠി എന്ന എംഎൽഎ രാജിവച്ചതായി അഭ്യൂഹങ്ങൾ പുറത്തുവന്നെങ്കിലും അദ്ദേഹമത് നിഷേധിച്ചു. താൻ രാജിക്കത്ത് നൽകിയിട്ടില്ലെന്നും ഇപ്പോഴും ബിജെപിയിൽത്തന്നെയാണെന്നും രവീന്ദ്രനാഥ് ത്രിപാഠി പറയുന്നു.
സമാജ്‍വാദി പാർട്ടിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് ഇന്നലെ രാജിക്കത്ത് നൽകിയ സ്വാമി പ്രസാദ് മൗര്യയും സമാനമായ ആരോപണങ്ങൾ തന്നെയാണ് യോഗി സർക്കാരിനെതിരെ ഉന്നയിച്ചത്. ദളിതുകൾക്കും പിന്നാക്കവിഭാഗങ്ങൾക്കും യോഗി സർക്കാരിന് കീഴിൽ യാതൊരു പരിഗണനയുമില്ലെന്ന് സ്വാമി പ്രസാദ് മൗര്യ ആരോപിച്ചു.
ദാരാ സിംഗ് ചൗഹാനെ സ്വാഗതം ചെയ്തുകൊണ്ട് മുൻപ് അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ചിത്രമാണ് എസ്‍പി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കുവച്ചത്. എന്നാൽ ഇനിയെന്ത് വേണമെന്ന് തന്‍റെ സമുദായത്തിലെ ജനങ്ങളോട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് ദാരാ സിംഗ് ചൗഹാൻ വ്യക്തമാക്കുന്നത്.
നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തെരഞ്ഞെടുപ്പില്‍ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ തെറ്റായ പ്രതീതിയുണ്ടാക്കുമോയെന്ന് ബിജെപി നേതൃത്വത്തിന് വലിയ ആശങ്കയുണ്ട്. ഇന്നലെ ഒരു ബിജെപി എംഎല്‍എ കൂടി പാർട്ടി വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേർന്നിരുന്നു. മീരാപൂരില്‍ നിന്നുള്ള വിമത എംഎല്‍എ ആയ അവതാര്‍ സിങ് ബധാന ആർഎല്‍ഡിയിലാണ് ചേർന്നത്. സമാജ്‍വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയാണ് ജയന്ത് ചൗധരിയുടെ ആർഎല്‍ഡി.
സീറ്റ് വിതരണം സംബന്ധിച്ച വിശദമായി ചർച്ചകള്‍ നടത്താന്‍ സഖ്യകക്ഷികളുടെ യോഗം എസ്‍പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വിളിച്ചിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകാതെ തന്നെ പ്രഖ്യാപിക്കും. യുപിയില്‍ എസ്പിയുമായി സഖ്യത്തില്‍ മത്സരിക്കുമെന്നും 13 എംഎല്‍എമാരെങ്കിലും ബിജെപിയില്‍ നിന്ന് എസ്പിയിലെത്തുമെന്നും എന്‍സിപി അധ്യക്ഷൻ ശരത് പവാർ പ്രഖ്യാപിച്ചു. ഇതിനിടെ ബിജെപിക്കെതിരെ നേരിട്ട് എറ്റുമുട്ടുന്നത് സമാജ്‍വാദി പാര്‍ട്ടിയാണെന്നും അതിനാല്‍ കോൺഗ്രസ് വിട്ട് എസ്പിയില്‍ ചേരുകയാണെന്നും കോണ്‍ഗ്രസ് എംഎല്‍എ മസൂദ് അക്തർ പ്രഖ്യാപിച്ചു. നേരത്തെ എഐസിസി സെക്രട്ടറി ഇമ്രാന്‍ മസൂദും എൻസിപിയില്‍ ചേർന്നിരുന്നു.
403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ, 14, 20, 23, 27, മാർച്ച് 3, 7 എന്നീ തീയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10-നാണ്.
Read More : രാമക്ഷേത്രം പരമാവധി വോട്ടാക്കണം, യോഗി ആദിത്യനാഥ് മഥുര വിട്ട് അയോധ്യയിലേക്ക്?