ലോക്സഭാതെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാരെയും എംഎൽഎമാരെയും മത്സരിപ്പിക്കുന്നതിനെതിരെ വി എം സുധീരന്‍റെ ഒളിയമ്പ്.
കാസര്‍ഗോഡ്: സിറ്റിംഗ് എംഎൽഎമാരെയും മുതിർന്ന നേതാക്കളെയും മത്സരിപ്പിക്കുന്നതിനെതിരെ ഒളിയമ്പുമായി മുൻ കെപിസിസി പ്രസിഡന്‍റ് വി എം സുധീരൻ. താൻ മത്സരിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ ഉമ്മൻചാണ്ടി മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സുധീരൻ വ്യക്തമാക്കി.
അടൂര്‍ പ്രകാശ്, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എന്നിങ്ങനെയുള്ള എംഎല്‍എമാരെയടക്കമുള്ള മുതിർന്ന നേതാക്കളെ മത്സരിപ്പിക്കാൻ ആലോചിക്കുന്നതിനിടെയാണ് സുധീരൻ വ്യത്യസ്ത നിലപാട് വ്യക്തമാക്കുന്നത്. താനില്ല, സ്ഥാനാർത്ഥിത്വത്തിൽ പുതുമുഖുങ്ങങ്ങൾക്കും വേണം പരിഗണനയെന്ന് സുധീരൻ വ്യക്തമാക്കുന്നു.
അതേസമയം ഉമ്മൻചാണ്ടി മത്സരിക്കുന്നതിനെ സുധീരൻ പരസ്യമായി എതിർക്കുന്നുമില്ല. വ്യക്തിപരമായ അഭിപ്രായപ്രകടനത്തിനില്ലെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വശത്ത് ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കളെ പിന്തുണയ്ക്കാൻ മത്സരം നടക്കുമ്പോഴാണ് പാർട്ടിയിൽ വേറിട്ട അഭിപ്രായപ്രകടനങ്ങളും പുറത്തുവരുന്നത്.
ഒരു ഭിന്നതയും ഇല്ലാതെ പട്ടിക തയ്യാറാക്കി ദില്ലിക്ക് അയക്കുമെന്ന് കെപിസിസി അധ്യക്ഷൻ പറയുമ്പോൾ പതിവ് തർക്കങ്ങളും പ്രശ്നങ്ങളും ഒഴിയില്ലെന്ന സൂചനകളാണ് സംസ്ഥാന കോൺഗ്രസ്സിൽ ഉയരുന്നത്.
