Asianet News MalayalamAsianet News Malayalam

പി കെ ശ്രീമതിയ്ക്ക് പകരം പി ജയരാജനോ ? കണ്ണൂരിൽ കണ്ണുനട്ട് രാഷ്ട്രീയലോകം

പി ജയരാജൻ വരുമോ? വടക്കൻ കേരളത്തിലെ സിപിഎമ്മിന്‍റെ സ്ഥാനാർഥിച്ചർച്ചകളിൽ സജീവമായ ചോദ്യം ഇതുതന്നെയാണ്.  പി ജയരാജൻ ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ട് 13 വർഷമായി.

will p jayarajan contest from kannur replacing pk sreemathi
Author
Kannur, First Published Jan 27, 2019, 9:33 AM IST

കണ്ണൂർ: പി കെ ശ്രീമതിയെ മാറ്റി കണ്ണൂരിൽ നിന്ന് ജില്ലാ സെക്രട്ടറി പി ജയരാജൻ മത്സരിക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയലോകം. വടക്കൻ കേരളത്തിലെ സിപിഎമ്മിന്‍റെ സ്ഥാനാർഥിച്ചർച്ചകളിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്ന ചോദ്യവും ഇതുതന്നെ. ജയരാജനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചാൽ സംസ്ഥാനത്തെ മൊത്തം പ്രചാരണരംഗത്തെ അത് സ്വാധീനിക്കും. അവസാനമായി പി ജയരാജൻ ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ട് 13 വർഷമായി.

സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ചെവി കൊടുക്കാതെ, പ്രതികരിക്കാതെ കരുതലിലാണ് പി ജയരാജൻ.  കണ്ണൂരിൽ രണ്ടാമൂഴം കാക്കുന്ന സിറ്റിങ് എം.പി പികെ ശ്രീമതി കുറച്ചധികം കരുതലിലും. ജയരാജന്‍റെ സാധ്യതകളെക്കുറിച്ച് മുതിർന്ന നേതാക്കളോട് ചോദിച്ചാൽ മറുപടി ശ്രദ്ധയോടെ മാത്രം.

''നിരവധി സമർഥരായ പാർട്ടി നേതാക്കളുണ്ട്. അവരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുള്ളവരാണ്. അവരിൽ കൂടുതൽ യോഗ്യതയുള്ളവരെ ഞങ്ങൾ സ്ഥാനാർഥികളായി നിശ്ചയിക്കും.'' പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള പറയുന്നു.

ഐആർപിസി വഴി സാന്ത്വനപരിചരണ രംഗത്തും മറ്റുമായി ജില്ലയിൽ ജയരാജന്‍റെ വേരുകളുടെ ഉറപ്പ് പാർട്ടിക്ക് നന്നായറിയാം. ജയരാജനിറങ്ങിയാൽ അരയും തലയും മുറുക്കി അണികൾ ആവേശത്തോടെ രംഗത്തുണ്ടാകുമെന്നുമുറപ്പാണ്. ഈ ജനകീയത വ്യക്തിപൂജ ആരോപണവും നടപടിയുമായി ജയരാജനെ തിരിച്ചടിക്കുന്നതും കണ്ടു.

സാധ്യതകൾ ഇങ്ങനെയാണെങ്കിലും വനിതാ പ്രതിനിധിയായ ശ്രീമതിയെ മാറ്റിയൊരു പരീക്ഷണം കണ്ണൂരിൽ പാർട്ടിക്ക് കടുപ്പമാണ്. മാത്രമല്ല,  ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകൾക്ക് പിന്നാലെ ശുഹൈബ് വധം കൂടിയുള്ളത് കൊണ്ട് ജയരാജനെതിരായ വികാരം ആളിക്കത്തിക്കാനും പ്രചാരണം വഴിതിരിക്കാനും എതിരാളികൾക്ക് ആയുധം വേണ്ടുവോളമുണ്ട്. രാഷ്ട്രീയ എതിരാളികളുമായി നിലനിർത്തിയ കടുത്ത പോരും, ന്യൂനപക്ഷ - മലയോര വോട്ടുകളുള്ള അഴീക്കോട്, കണ്ണൂർ, ഇരിക്കൂർ, പേരാവൂർ നിയമസഭാ മണ്ഡലങ്ങളും കടമ്പയാണ്.  

ഇങ്ങനെയിരിക്കെ വടകരയിലേക്കാണ് സാധ്യതകളുടെ ത്രാസിന് തൂക്കമൽപ്പം കൂടുതൽ. പി ജയരാജന്‍റെ വീടും വോട്ടുമുൾപ്പെടുന്ന തലശ്ശേരിയും കൂത്തുപറമ്പും വടകര മണ്ഡലത്തിലാണ്.  പി ജയരാജന്‍റെ പോരാളി പ്രതിച്ഛായ കണ്ണൂരിൽ മാത്രം നിൽക്കുന്നതുമല്ല. വ്യക്തിപൂജ വിവാദത്തിലും വീഴാതിരുന്ന ജയരാജനെ കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് പാർലമെന്‍റിലേക്ക് പറിച്ച് നടുമെന്ന ഊഹങ്ങളും അന്തരീക്ഷത്തിലുണ്ട്.

എന്നാൽ ജയരാജന് പകരം സഹോദരി സതീദേവി കളത്തിലിറങ്ങാനും സാധ്യത കൽപിക്കപ്പെടുന്നുണ്ട്. സതീദേവിയെത്തിയാൽ വടകരയിലേക്കുള്ള വഴിയടയുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

Follow Us:
Download App:
  • android
  • ios