മലപ്പുറത്തെ പ്രചാരണയോഗത്തില്‍ പങ്കെടുത്ത് ഇന്നലെ രാത്രിതന്നെ വി എസ് മലമ്പുഴയില്‍ എത്തിയിരുന്നു. രാവിലെ ഒരു വിവാഹചടങ്ങിലും പങ്കെടുത്തു. പതിനൊന്നരയോടെ മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനത്തിന് ശേഷം, ഉച്ചയോടെ നാമനിര്‍ദേശ പത്രിക നല്‍കാനെത്തി. രേഖകളെല്ലാം ഉണ്ടെന്ന് ഒരുവട്ടം കൂടി ഉറപ്പുവരുത്തി, വി എസ് പത്രിക നല്‍കി.

പ്രതിപക്ഷ നേതാവിന്റെ സമ്പാദ്യം ഒരു ലക്ഷത്തി എണ്ണൂറ്റി തൊണ്ണൂറ്റിയൊമ്പത് രൂപ. കയ്യിലുള്ളത് 3000 രൂപയും. കണക്ക് ബോധിപ്പിച്ച്, വി എസ് ഇറങ്ങി. കുടുംബയോഗങ്ങളുടെ തിരക്കിലേക്കാണ് വിഎസിന്റെ യാത്ര.എന്നാല്‍ പത്രിക നല്‍കുന്ന ദിവസം, പൊതുപരിപാടികളെല്ലാം പിണറായി വിജയന്‍ ഒഴിവാക്കിയിരുന്നു.

ചടയന്‍ ഗോവിന്ദന്‍, അഴീക്കോടന്‍ രാഘവന്‍, ഇ കെ നായനാര്‍ തുടങ്ങി തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ വീടുകള്‍ സന്ദ!ര്‍ശിച്ച്, പാര്‍ട്ടി ഓഫീസിലേക്ക്. ചെറിയ ചില കൂടിയാലോചനകള്‍ക്ക് ശേഷം, പ്രകടനമായി കളക്ട്രേറ്റിലെത്തി പത്രിക നല്‍കി. സ്വര്‍ണ്ണവും പണവുമായി രണ്ട് ലക്ഷത്തി എഴുപത്തിയെണ്ണായിരത്തി ആറന്നൂറ്റിമൂന്ന് രൂപയും 51.95 ലക്ഷം മതിപ്പുവിലയുള്ള ഭൂമിയുമാണ് പിണറായി വിജയന്റെ സമ്പാദ്യം.

പത്രികാ സമര്‍പ്പണത്തിന്റെ തിരക്കിലായിരുന്നു പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്. മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, പി കെ അബ്ദുറബ്ബ്, മഞ്ഞളാം കുഴി അലി എന്നിവരടക്കം പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം രാവിലെത്തന്നെ ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് അനുഗ്രഹം തേടി. 

യുഡിഎഫില്‍ നിന്ന് മന്ത്രിമാരായ എം കെ മുനീര്‍, പി കെ അബ്ദുറബ്ബ്, ഷിബു ബേബി ജോണ്‍, പി കെ ജയലക്ഷ്മി എന്നിവരും ഇന്ന് പത്രിക നല്‍കി. ജി സുധാകരന്‍, എസ് ശര്‍മ്മ, സി ദിവാകരന്‍, വി എസ് സുനില്‍കുമാര്‍, ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങി ഇടതുനേതാക്കളും പത്രിക നല്‍കി. 

ചെങ്ങന്നൂരില്‍ പി എസ് ശ്രീധരന്‍ പിള്ള യും ഇന്നാണ് പത്രിക സമര്‍പ്പിച്ചത്. പൂഞ്ഞാറില്‍ പി സി ജോര്‍ജും പത്രിക സമര്‍പ്പിച്ചു. തൃക്കാക്കരയില്‍ പത്രിക നല്‍കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ടി തോമസിനൊപ്പം, സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട ബെന്നി ബെഹനാനും എത്തിയിരുന്നു.