ചെന്നൈ: തമിഴ്നാട്ടിലെ ഉളന്തൂര്‍പേട്ട് മണ്ഡലത്തില്‍ വിജയകാന്തിനെതിരെ ശക്തരായ എതിരാളികളെയാണ് എല്ലാമുന്നണികളും രംഗത്തിറക്കിയിരിക്കുന്നത്. എഐഎഡിഎംകെയുടെ സിറ്റിംഗ് എംഎല്‍എ കുമാരഗുരുവാണ് ഇതില്‍ ഏറ്റവും ശക്തന്‍. വ്യാപകമായി പണമെറിഞ്ഞാണ് കുമരഗുരുവിന്റെ പ്രചരണം. പ്രചരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ചെന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനും പണം നല്‍കി സ്വാധീനിക്കാന്‍ എംഎല്‍എയുടെ അനുയായികള്‍ ശ്രമം നടത്തി.10 വര്‍ഷം എം.എല്‍.എ ആയിരുന്ന കുമാരഗുരുവിന്റെ ആത്മവിശ്വാസം വിജയകാന്തിന് വലിയ തലവേദനയാണ്.

മണ്ഡലത്തില്‍ വിജയകാന്തിന് ഒരു സാധ്യതയുമില്ലെന്ന് കുമാരഗുരു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.വിജയകാന്ത് റിഷിവന്ധ്യത്തില്‍ മത്സരിച്ചപ്പോള്‍ തനിക്ക് തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നുവെന്നും ജയിപ്പിക്കാന്‍ അന്ന കുറെ പാടുപെട്ടെന്നും അദ്ദേഹം പറയുന്നു.

എല്ലാ കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴാണ് എംഎല്‍എ പറഞ്ഞുവിട്ടതെന്ന് പറഞ്ഞ് ഒരാള്‍വന്ന് ഒരു നോട്ടുകെട്ട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നല്‍കാന്‍ ശ്രമിച്ചത്. 100ല്‍ അധികം വരുന്ന എഐഎഡിഎംകെ പ്രവര്‍ത്തകരുടെ നടുവില്‍ നിന്നതിനാലും റിപ്പോര്‍ട്ട് ചെയ്യാന്‍ അടുത്ത പൊലീസ് ഇല്ലാത്തതിനാലും പണം വേണ്ട എന്ന് മാത്രം പറ‌ഞ്ഞ് മടങ്ങി.