ചെന്നൈ: നിരവധി സൗജന്യ സമ്മാനങ്ങളുമായി എഐഎഡിഎംകെ പ്രകടന പത്രിക പുറത്തിറങ്ങി. ഈറോഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെയാണ് ജയലളിത പ്രകടന പത്രിക പുറത്തിറക്കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് ജയലളിത പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലാപ്‌ടോപ്പും മിക്‌സിയും ഗ്രൈന്‍ഡറും സൗജന്യമായി നല്‍കിയ എഐഎഡിഎംകെ ഇത്തവണ എന്ത് നല്‍കുമെന്നാണ് ഏവരും കാത്തിരുന്നത്.
ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ലഭിക്കുന്നതിനായി അമ്മ ബാങ്കിംഗ് കാര്‍ഡ് പുറത്തിറക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. എല്ലാ കുടുംബങ്ങളിലും ഒരാള്‍ക്ക് ജോലി, വീടുകളില്‍ 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, ലാപ്‌ടോപ്പിനൊപ്പം എല്ലാവര്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍, പൊങ്കലിന് കോ ഒപ്ടെക്‌സിന്റെ 500 രൂപയുടെ സമ്മാന കൂപ്പണ്‍. പ്രസവാവധി 9 മാസമാക്കും, 18,000 സ്‌ത്രീകള്‍ക്ക് പ്രസവ ശേഷം 18,000 രൂപ നല്‍കും.
പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളുടെ കല്യാണത്തിന് അരപവന്‍ നല്‍കിയിരുന്നിടത്ത് ഇനി മുതല്‍ ഒരു പവന്‍ നല്‍കും. ജോലിയുള്ള സ്‌ത്രീകള്‍ക്ക് സ്കൂട്ടറുകള്‍ 50 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കും, സ്‌ത്രീകള്‍ക്ക് ഓട്ടോറിക്ഷാ ഓടിക്കാന്‍ പരിശീലനം, ഓട്ടോ വാങ്ങാന്‍ വായ്പയില്‍ ഇളവ് എന്നിവയും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
കാര്‍ഷിക വായ്പകള്‍ എഴുതി തള്ളും, റേഷന്‍ കാര്‍ഡ് ഉള്ള എല്ലാവര്‍ക്കും മൊബൈല്‍ ഫോണും സെറ്റ് ടോപ് ബോക്‌സും സൗജന്യമായി നല്‍കും തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. മണല്‍ ഖനനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുമെന്നും ജയലളിത പ്രഖ്യാപിച്ചു.
