പാലക്കാട്: മലമ്പുഴയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്ക്1.30 ഓടെയാണ് പാലക്കാട് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ പി.എം ശശിഭൂഷണ്‍ മുന്‍പാകെ വി.എസ് നാമനി‍ര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സി.പിഐ എം ഓഫീസില്‍ നിന്നും നാമനിര്‍ദേശ പത്രിക ഉള്‍പെടുന്ന സെറ്റ് എത്താന്‍ വൈകിയതാനില്‍ അര മണിക്കൂറിലേറെ വരണാധികാരിയുടെ മുന്നില്‍ പ്രതിപക്ഷ നേതാവ് കാത്തിരിക്കേണ്ടതായി വന്നു.

മൂന്ന് സെറ്റ് നാമനി‍‍‍ര്‍ദേശ പത്രികളാണ് സമര്‍പ്പിച്ചത്. ഒരു ലക്ഷത്തി രണ്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റൊന്‍പത് രൂപയാണ് തന്റെ പേരിലുള്ള സമ്പാദ്യമായി വി.എസ് നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഭാര്യയുടെ പേരില്‍ 16 ലക്ഷത്തിലേറെ രൂപയുടെ സമ്പാദ്യവും 10 സെന്‍റ് പുരയിടവും ഉള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട.

പാലക്കാട്ടെ ആദ്യകാല കര്‍‍ഷകനായ വാസുദേവനാണ് വി.എസിന് കെട്ടിവെക്കാനാവശ്യമായ പണം നല്‍കിയത്. എം.ബി രാജേഷ് എം.പി ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ തുടങ്ങിയവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വി.എസിനൊപ്പം എത്തിയിരുന്നു. ജില്ലയിലെ മറ്റ് 11 ഇടത് സ്ഥാനാര്‍ത്ഥികളും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.