ആലപ്പുഴ/തിരുവനന്തപുരം: ബിജെപി ശക്തമായി മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം യുഡിഎഫും ബിജെപിയും തമ്മിലാണു പ്രധാന മല്‍സരമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ മണ്ഡലങ്ങളില്‍ ഇടതു മുന്നണി മൂന്നാംസ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സംസ്ഥാനത്തു പ്രധാന മത്സരം നടക്കുന്നുവെന്ന പ്രചരണത്തിനിടെയാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രം. മഞ്ചേശ്വം, കാസര്‍കോഡ് തുടങ്ങി ബിജെപി ശക്തമായി മത്സരം നടക്കുന്ന മണ്ഡലങ്ങളില്ലെല്ലാം കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ബിജെപിയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഇതിനു തിരുത്തുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്തെത്തി. ബിജെപിയും യുഡിഎഫും തമ്മിലല്ല, എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ത്തന്നെയാണു പ്രധാന മത്സരമെന്നു സുധീരന്‍ പറഞ്ഞു. ബിജെപിക്കു നുഴഞ്ഞുകയറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയ്ക്ക് എ.കെ. ആന്റണിയാണു മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ബന്ധം മറച്ചുവയ്ക്കുന്നതിനാണ് ഉമ്മന്‍ ചാണ്ടി ശ്രമം നടത്തുന്നതെന്നും കുമ്മനം പറ‍ഞ്ഞു. 

ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന തന്ത്രം ഉപയോഗിച്ച് കള്ള പ്രചാരണം നടത്തുകയാണ് ഉമ്മന്‍ ചാണ്ടിയെന്ന് എം.എം. ബേബി പറഞ്ഞു.