പശ്ചിമബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ഇടതുപക്ഷത്തിന് വേണ്ടി സോണിയാഗാന്ധി വോട്ടുചോദിച്ചതിന് പുറകെ ബുദ്ധദേബ് ഭട്ടാചാര്യയും രാഹുല്‍ ഗാന്ധിയും കൊല്‍ക്കത്തയില്‍ ഒരേ വേദിയില്‍ പ്രചരണത്തിനെത്തിയത് വലിയ ചര്‍ച്ചയാകുന്നു. 30ന് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 67 മണ്ഡലങ്ങളില്‍ മമത ബാനര്‍ജി ഭവാനിപ്പൂരില്‍ നിന്ന് ജനവിധി തേടും.

പശ്ചിമബംഗാളിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യണമെന്ന കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി അഭ്യര്‍ത്ഥിച്ചത് പുറകെയാണ് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൊല്‍ക്കത്തയിലെ പാര്ക് സര്‍ക്കസില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരേ വേദിയില്‍ എത്തിയത്. കോണ്‍ഗ്രസ് സിപിഐ എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബുദ്ധദേബിനെയും രാഹുല്‍ ഗാന്ധിയെും മാലയണിക്കുകയും ചെയ്തു. ബുദ്ധദേബ് പാര്‍ടി ഭാരവാഹി അല്ലാത്തതുകൊണ്ട് രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടതില്‍ തെറ്റില്ലെന്നാണ് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചത്.

പശ്ചിമബംഗാളിലെ വോട്ടെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് എത്തുന്പോള്‍ സിപിഐ എം- കോണ്‍ഗ്രസ് സഖ്യം മറകള്‍ നീക്കി പുറത്തുവരികയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സിപിഎം നേതാക്കളും, സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രചരണത്തിനിറങ്ങുകയും ചെയ്യുന്നു. ഇതു തന്നെയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാന്‍ തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത്. അഞ്ചാംഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന മണ്ഡലം മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപ്പൂര്‍ തന്നെയാണ്. നേതാജി കുടുംബാംഗമായ ചന്ദ്രകൂമാര്‍ ബോസ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. കഴി‍ഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ ഒന്നാമതെത്തിയത്. അതേസമയം കോണ്‍ഗ്രസ്- - സിപിഎം സഖ്യം കൂടി വന്നതോടെ ഭവാനിപ്പൂരില്‍ മമത ബാനര്‍ജിക്ക് വിയര്‍ക്കേണ്ടിവരും.