തിരുവന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള സമയം തീര്‍ന്നിട്ടും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരെ തട്ടി നടക്കാനാവാത്ത സ്ഥിതിയാണ്. അപരന്മാരെ എല്ലാവരും ചേര്‍ന്ന് ഒഴിവാക്കണമെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ബിഗ് ഡിബേറ്റില്‍ സുധീരനും കോടിയേരിയും കുമ്മനവും പറ‌ഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണ അപരന്‍ ജനവിധിയെ സ്വാധീനിച്ച കുന്ദംകുളത്ത് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളുടെ അപരന്മാര്‍ പിന്മാറിയത് സി.പി.ജോണിനും ഇടത് സ്ഥാനാര്‍ത്ഥി എ.സി.മൊയ്തീനും ആശ്വസമായി.

തിരുവനന്തപുരം സെന്‍ട്രലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാറിന് ആര്‍.ശിവകുമാറെന്നും പി.ജി.ശിവകുമാറെന്നും രണ്ട് അപരന്മാരാണുള്ളത്. ഇതേ മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആന്റണി രാജുവിനും ഭീഷിണിയായി അപരനുണ്ട്. ഓട്ടോറിക്ഷ ചിഹ്നമാണ് ആന്റണി രാജുവിന് അനുവദിച്ചു കിട്ടിയിരിക്കുന്നത്. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥി വി.മുരളീധരന് ആശങ്കയേറ്റി മുരളീധരനും യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.എ വാഹിദിന് ഭീഷണിയായി എന്‍.എ.വാഹിദുമുണ്ട്.

വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ.കെ രമക്ക് രണ്ട് അപരകളാണ്. പത്രിക പിന്‍വലിക്കാതെ കെ.കെ രമയും ടി.പി.രമയും. കെ.കെ രമ എന്ന അപരയുടെ പേര് മാറ്റണമെന്ന് ആര്‍എംപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വരണാധികാരി ആവശ്യം തള്ളുകയായിരുന്നു. വടകരയിലെ ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ക്കും അപരശല്യമുണ്ട്.

പൂഞ്ഞാറില്‍ ഇടത് വലത് സ്ഥാനാര്‍ത്ഥിക്കും സ്വതന്ത്രനായ പി.സി.ജോര്‍ജ്ജിനും അപരശല്യം ഒഴിഞ്ഞിട്ടില്ല. തൃപ്പൂണിത്തുറയില്‍ ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന് അതേ പേരില്‍ തന്നെ അപരന്‍ രംഗത്തുണ്ട്. വോട്ടെടുപ്പിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്.