ചങ്ങനാശ്ശേരിയില്‍ പോരാട്ടം കടുക്കുമ്പോള്‍ അവസാന വട്ടം അങ്കത്തിനിറങ്ങുന്ന സി എഫിന് ഒരു വോട്ടെന്നാണ് വലത് മുന്നണിയുടെ പ്രചാരണം.ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടി ലക്ഷ്യംവച്ചാണ് സി എഫ് ക്യാമ്പ് മുന്നോട്ട് വയ്ക്കുന്നതെന്നുമാണ് പ്രചാരണം. ഈ തന്ത്രം വിജയിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പ്രതിനിധിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെസി ജോസഫ് സഭാ നേതൃത്വത്തിന് താത്പര്യമുള്ള സ്ഥാനാര്‍ത്ഥിയാണെന്ന് ഇടത് പ്രചാരണത്തിന് മറുപടിയായ് വലത് മുന്നണിയും പ്രതികരിക്കുന്നുണ്ട്. സഭയുടെ പിന്തുണയുണ്ടെന്ന ഇടത് പ്രചാരണത്തിന് തടയിടാനാണ് വലത് മുന്നണി ശ്രമിക്കുന്നത്.

ഒരു തവണ കൂടി ചങ്ങനാശ്ശേരിയുടെ വികസനത്തിന് തുരങ്കം വയ്ക്കാതിരിക്കാന്‍ മാറി ചിന്തിക്കണമെന്ന പ്രതിരോധമാണ് ഇടത്പക്ഷം ഉയര്‍ത്തുന്നത്. സാമുദായിക ചര്‍ച്ചകള്‍ ഉയര്‍ന്ന് വരാതിരിക്കാനും ഇടത് മുന്നണി ശ്രദ്ധ വയ്ക്കുന്നു.

കത്തോലിക്കാ സഭയുടേയും എന്‍. എസ്.എസിന്റേയും നിലപാടാകും ചങ്ങനാശ്ശേരിയില്‍ നിര്‍ണ്ണായകമായിമാറുക. സിഎഫിനെ എപ്പോഴും തുണച്ചിട്ടുള്ള ഈ ഘടകങ്ങള്‍ ഇത്തവണ മാറി ചിന്തിക്കുമെന്നാണ് ഇടത് മുന്നണിയുടെ അവകാശവാദം. പ്രചാരണത്തില്‍ മുന്നേറുന്ന എന്‍ ഡി എ ക്യാമ്പ് പ്രതീക്ഷ വയ്ക്കുന്നത് പാര്‍ട്ടി - സാമുദായിക വോട്ടുകള്‍ക്ക് പുറമേ മണ്ഡലത്തിലെ അസംതൃപ്ത വോട്ടര്‍മാരിലുമാണ്.