പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഇല്ലെന്ന് വ്യക്തമാക്കിയിരുന്ന സിപിഎം കേന്ദ്ര നേതൃത്വം ഇപ്പോഴിത് പരസ്യമായി സമ്മതിച്ചിരിക്കുന്നു. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സിപിഎം സഖ്യം ജനങ്ങള്‍ തീരുമാനിച്ചതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. നേതാക്കള്‍ ഉണ്ടാക്കിയതല്ല ഈ സഖ്യം. സഖ്യത്തിന് പശ്ചിമ ബംഗാളില്‍ പ്രഭാവമുണ്ടാക്കാന്‍ കഴിഞ്ഞു എന്ന് ബോധ്യപ്പെട്ടതോടെയാണ് നേതാക്കള്‍ ഒരേ വേദിയില്‍ വന്നതെന്ന് യെച്ചൂരി ടെലഗ്രാഫ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. 

കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമോ ദേശീയതലത്തില്‍ ഇത് പ്രാവര്‍ത്തികമാകുമോ തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് ആലോചിക്കുമെന്ന് യെച്ചൂരി പറഞ്ഞു. കേരളത്തില്‍ ബംഗാളിലെ സാഹചര്യം വിശദീകരിക്കാനായെന്ന് യെച്ചൂരി അവകാശപ്പെടുന്നു. രണ്ടായിരത്തി നാലില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തില്‍ 18 ലോകസ്ഭാ സീറ്റു കിട്ടിയത്. 

2006ല്‍ കേന്ദ്രത്തില്‍ യുപിഎയെ പിന്തുണയ്ക്കുമ്പോള്‍ 100 സീറ്റു നിയമസഭയില്‍ കിട്ടി. കോണ്‍ഗ്രസ് സിപിഎമ്മിനെ ആശ്രയിക്കുമ്പോഴൊക്കം കേരളത്തില്‍ നല്ല വിജയം നേടിയതാണ് അനുഭവമെന്നും യെച്ചൂരി വിശദീകരിച്ചു. ബംഗാളിലെ സഖ്യം തെരഞ്ഞെടുപ്പിന് ശേഷം പുനപരിശോധിക്കുമെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് സഖ്യത്തെ ന്യായീകരിച്ച് യെച്ചൂരി രംഗത്തു വന്നിരിക്കുന്നത്.