നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ലാപ്പ് ദേശീയ നേതാക്കളുടെ ഏറ്റുമുട്ടലായി . അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിനെ ചൊല്ലി പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരിന് വേദിയായത് തിരുവനന്തപുരത്തെ പ്രചാരണ യോഗങ്ങള്‍ . അമിത് ഷാ ഇന്നും രാഹുല്‍ ഗാന്ധിയും മോദിയും നാളെയും പ്രചാരണത്തിനെത്തുന്നതോടെ ദേശീയ വിഷയത്തെ ചൊല്ലിയുള്ള വാക് യുദ്ധം രൂക്ഷമാകാനാണ് സാധ്യത.


തിരുവനന്തപുരത്തെ എന്‍ഡിഎ പ്രചാരണ യോഗമാണ് അഗസ്ത വെസ്റ്റലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ സോണിയക്കെതിരായ കടന്നാക്രമണത്തിന് നരേന്ദ്രമോദി വേദിയാക്കിയത്.

മറുപടി പറയാന്‍ സോണിയാ ഗാന്ധിയും തിരുവനന്തപുരം തന്നെ തെരഞ്ഞെടുത്തു . യുഡിഎഫിന്‍റെ പ്രചാരണ യോഗത്തില്‍.

എന്‍.ഡി.എ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി മോദി വീണ്ടും നാളെ കേരളത്തിലെത്തും. രണ്ടു ദിവസത്തെ പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്നു രാത്രിയിലും സംസ്ഥാനത്ത് എത്തും .ഇതോടെ ദേശീയ തലത്തിലെ മുന്‍ നിര നേതാക്കള്‍ തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടത്തിന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ വേദിയാകും . കേന്ദ്രമന്ത്രിമാര്‍ കൂട്ടത്തോടെ സംസ്ഥാനത്തേയ്‌ക്ക് വരുന്നു. അവരെല്ലാം കോപ്ടര്‍ ഇടപാട് വിഷയമാക്കും. കോണ്‍ഗ്രസ് നേതാക്കളും വികാര നിര്‍ഭരമായ സോണിയയുടെ പ്രസംഗത്തിന്‍റെ ചുവടുപിടിച്ച് മോദിക്കെതിരെ വിമര്‍ശനം ശക്തമാക്കും. ന്യൂനപക്ഷങ്ങള്‍ക്ക് അടക്കം വേണ്ടി സംസാരിക്കുന്ന കോണ്‍ഗ്രസിനെ ഭയപ്പെടുന്നതിനാലണ് ബിജെപിയുടെ കടന്നാക്രമണമെന്ന സോണിയയുടെ വാദം നേതാക്കള്‍ ഏറ്റെടുക്കും. സംസ്ഥാനത്ത് പ്രചാരണത്തിലുള്ള ഇടതു നേതാക്കളും ദേശീയ വിഷയങ്ങളില്‍ ഊന്നുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത് . ദേശീയ വിഷയങ്ങളും ദേശീയ നേതാക്കളും കൂടി ചേരുന്നതോടെ അവസാന റൗണ്ട് കൂട്ടപ്പൊരിച്ചില്‍ പൊടിപൊടിക്കും.