പാലക്കാട്: ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതി മലിനീകരണവുമുണ്ടാക്കുന്ന ഇരുമ്പുരുക്കു ഫാക്ടറി പുട്ടിയില്ലെങ്കില്‍ ഇത്തവണ വോട്ടുചെയ്യാനില്ലെന്നു കഞ്ചിക്കോട്ടെ വോട്ടർമാർ. ഫാക്ടറിയില്‍നിന്നു പുറന്തള്ളുന്ന മലിനജലംമൂലം കുടിവെള്ളംപോലമില്ലാതെ പൊറുതിമുട്ടിയിരിക്കുകയാണു നാട്ടുകാര്‍. 42 പേര്‍ ഈ ഭാഗത്തു ക്യാന്‍സര്‍ ബാധിച്ചു മരിച്ചെന്നാണു കണക്കുകള്‍.

പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട് ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന പാരഗൺ സ്റ്റീൽസ് കമ്പനിക്കെതിരെയാണു പ്രതിക്ഷേധമുയരുന്നത്. സ്റ്റീൽ പാത്ര നിര്‍മാണ യൂണിറ്റെന്ന പേരിൽ തുടങ്ങിയ ഫാക്ടറിയിൽ നടക്കുന്നത് ഇരുമ്പുരുക്കു വ്യവസായമാണെന്നാണു പ്രധാന ആരോപണം. ഫാക്ടറി പ്രവർത്തനം തുടങ്ങിയതു മുതൽ പ്രദേശ വാസികൾ പ്രതിഷേധത്തിലായിരുന്നു. പ്രശ്നത്തിന് ഇതുവരെ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണു വോട്ടുബഹിഷ്കരണം എന്ന തീരുമാനത്തിലേക്കെത്തിയത്.

പഴയ ഇരുമ്പു സാധനങ്ങൾ ഉരുക്കി ദണ്ഡുകളാക്കി മാറ്റുകയാണു ഫാക്ടറിയിൽ ചെയ്യുന്നത്. ഇവിടനിന്നു പുറന്തള്ളുന്ന മലിനജലം സമീപത്തെ കിണറുകളിലേക്കു വ്യാപിച്ചതിനാല്‍ കുടിവെള്ളത്തിനുപോലും ജനം നന്നേ വിഷമിക്കുന്നു. 42 പേര്‍ ഇതിനകം ഇവിടെ ക്യാന്‍സര്‍ ബാധിച്ചു മരിച്ചു. തൊലിപ്പുറത്തുണ്ടാകുന്ന ക്യാന്‍സറാണിത്. ഇപ്പോഴും ക്യാന്‍സര്‍ രോഗികളടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി നിരവധി പേരാണ് ഇവിടെ ജീവിക്കുന്നത്.

ഫാക്ടറിക്കെതിരെ കഴിഞ്ഞ ദിവസം ഇവിടെ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിനു പ്രദേശവാസികളാണു പങ്കെടുത്തത്. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ വോട്ട് ബഹിഷ്കരിക്കുമെന്നു കാണിച്ചു ഗവർണർക്കും മുഖ്യമന്ത്രിക്കും രാഷ്ട്രീയ കക്ഷി നേതാക്കൾക്കും സമര സമിതി കത്തു നല്‍കിയിട്ടുണ്ട്.