തിരുവനന്തപുരം: എല്ലാവരും പതിനെട്ടാം അടവും പുറത്തെടുക്കുന്ന ഒരാഴ്ചയാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ കാണുന്നത്. ആരോപണ പ്രത്യാരോപണങ്ങളുമായി ഇടതു വലതു മുന്നണികള്‍ പോരടിക്കുമ്പോള്‍ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത വിധം ബിജെപി ഫാക്ടറും പോര്‍ക്കളത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ബിജെപിയെച്ചൊല്ലി ഇരു മുന്നണികളും നടത്തുന്ന വാഗ്വാദങ്ങളും കൊഴുക്കുകയാണ്.
ബിജെപി ശക്തമായ മല്‍സരിക്കുന്നിടത്ത് എതിരാളി യുഡിഎഫെന്ന മുഖ്യമന്ത്രിയുടെ കുട്ടനാടന്‍ പ്രസംഗത്തെച്ചൊല്ലിയുളള വാക് പോരായിരുന്നു കഴിഞ്ഞയാഴ്ചയുടെ അവസാനത്തില്‍ പ്രചാരണരംഗത്തെ ഉഷാറാക്കിയത്. മുഖ്യമന്ത്രിയെ തിരുത്തിയ എ.കെ. ആന്റണി ബിജെപി മുക്ത നിയമസഭയെന്ന ആഹ്വാനത്തിലൂന്നി പ്രചാരണം തുടരുകയാണ്. ചരിത്രത്തില്‍നിന്നു സംഘപരിവാര്‍ ബന്ധം പരതിയെടുത്തും ബിഹാറിലെ തെരഞ്ഞെടുപ്പു സഖ്യം ചൂണ്ടിക്കാട്ടിയും വെള്ളാപ്പള്ളിയുമായി മാച്ച് ഫിക്‌സിങ്ങെന്ന് പരസ്പരം ആരോപിച്ചും ഇരു മുന്നണികളും കളത്തില്‍ കാര്‍ഡുകള്‍ മാറ്റി മാറ്റി ഇറക്കുന്നു.
ഗുസ്തിയും ദോസ്തിയും എന്ന ആരോപണവുമായി നരേന്ദ്രമോദി മൂന്നാം മുന്നണിയുടെ വോട്ടു വഴി വെട്ടാനിറങ്ങിയതോടെ പ്രചാരണ രംഗത്തു പൊടിപാറുന്നു. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിനെതിരായ പ്രതിഷേധം കനക്കുമ്പോള്‍ പ്രതിരോധത്തിലാകാതിരിക്കാന്‍ യുഡിഎഫും മുതലാക്കാന്‍ ഇടതും എന്‍ഡിഎയും തീവ്രശ്രമത്തിലാണ്.
അഴിമതി, മദ്യനിരോധനം, വികസനം, അങ്ങനെ അവസാന ആഴ്ചയിലെ കൂട്ടപ്പൊരിച്ചിലില്‍ എല്ലാം ആയുധമാകും. മുന്നേറ്റം മൂവരും അവകാശപ്പെടുമ്പോള്‍ അവസാന ആഴ്ചയിലും ഏതെങ്കിലും ഒരു വശത്തേയ്ക്ക് പ്രകടമായ തരംഗമുണ്ടെന്ന് ആര്‍ക്കും ഉറപ്പിച്ച് പറയാനാവുന്നില്ല. തീ പാറും മണ്ഡലങ്ങളിലെ ആരും വാഴും? അവസാന ആഴ്ചയിലേയ്ക്കു കടക്കുമ്പോള്‍ ആവേശവും പിരിമുറക്കവും വര്‍ധിപ്പിക്കുന്നത് ഈ വോട്ടു ചോദ്യമാണ്.
