
പല യുവാക്കൾക്കും സോഷ്യൽ മീഡിയ വാളുകളിൽ മാത്രമല്ല സാദാ ഇഷ്ടിക ചുമരുകളിലും ടാറിട്ട റോഡുകളിലും രാഷ്ട്രീയം പ്രത്യക്ഷപ്പെടും എന്ന തിരിച്ചറിവിന്റെ കാലമാണ് തെരഞ്ഞെടുപ്പുകാലം. ആഗോള വിപണി തുറന്നതോടെ മൂരാച്ചികളായി മാറി എന്ന് വിശ്വസിക്കപ്പെടുന്ന മലയാളി തന്റെ വീടിന്റെ ചുമരുകളിൽ പരസ്യം പതിക്കരുത് എന്ന് എഴുതി വച്ചതോടെ തങ്ങളുടെ സ്ഥാനാർഥികളുടെ ഗുണ ഗണങ്ങൾ വർണിക്കാൻ ഒരിടം കിട്ടാതെ വിപ്ലവം ആറ്റിൽ ചാടി മരിക്കും എന്ന് കരുതിയ ബൂർഷ്വാസികൾക്ക് തെറ്റി. ചുവരുകളില്ലെങ്കിൽ പോസ്റ്റുകൾ , അല്ല തെറ്റിദ്ധരിക്കണ്ട, ഫേസ്ബുക്ക് പോസ്റ്റുകൾ അല്ല, തൃശൂർ ഭാഷയിൽ പറഞ്ഞാൽ നല്ല ഒന്നാംതരം പോസ്റ്റുംകാലുകൾ . ചിഹ്നങ്ങൾക്ക് ഇടം പിടിക്കാൻ ഇത്ര നല്ലയിടം വേറെ കിട്ടാനില്ല. നിരനിരയായി നിൽക്കുന്ന ഈ പോസ്റ്റുകളിൽ ഉത്സവപ്രതീതി നൽകി അവയങ്ങനെ തലയുയർത്തി നിൽക്കും . ഇടയ്ക്കു പോസ്റ്റിൽ വച്ച് കെട്ടുന്ന സ്ഥാനാർഥിയുടെ കൊച്ചു ഫ്ലെക്സ് ബോർഡുകൾ ബൈക്ക് യാത്രക്കാരന്റെ തല പൊളിക്കും, ചോരയിൽ കുളിപ്പിച്ച് അവനെ രാഷ്ട്രീയ മാമോദീസ മുക്കും. എന്നാലും അതൊക്കെയാണ് ഹരം. പെരുന്നാളിനും പൂരത്തിനും അരങ്ങുകെട്ടുന്ന പോലെ രാഷ്ട്രീയ വർണങ്ങൾ വിടർന്നു വിലസുന്ന ഒരു റിയൽ ടൈം ലൈൻ.
റോഡിൽ നിന്നും വീട്ടിലേക്കും ഈ ടൈം ലൈൻ നീളും. നോട്ടീസും തെരഞ്ഞെടുപ്പ് സ്ലിപ്പും തെരഞ്ഞെടുപ്പു സമയത്തെത്തുന്ന ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ആശംസാവചനങ്ങൾ പേറുന്ന ബഹുവർണ കാർഡുകളും വീട്ടിൽ നിങ്ങളെ തേടിയെത്തും. ചിലപ്പോൾ ചിഹ്നങ്ങളുടെ ചെറുപതിപ്പും വീട്ടിലെത്താം. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിൽ ബീ ജേ പി എല്ലാ വീട്ടിലും എത്തിച്ചത് താമര മൊട്ടുകൾ . ഭൂരിഭാഗം കരിഞ്ഞു പോയെങ്കിലും ചിലയിടത്തൊക്കെ അത് വിരിഞ്ഞു. ഭൂരിപക്ഷം വോട്ടർമാരും കൂടെയുണ്ടെങ്കിലും പക്ഷെ ഇതിനൊരു മറുപടി കൊടുക്കാൻ കഴിയാതെ യൂ ഡീ എഫും എൽ ഡീ എഫും വലഞ്ഞു. അരിവാളും ചുറ്റികയും നെൽക്കതിരും കോണിയും സമ്മാനിക്കാൻ കഴിയാതെ അവർ നക്ഷത്രമെണ്ണി. ബീ ജേ പീ യുടെ താമര സമ്മാനം വീട്ടില്‍ എത്തിയപ്പോൾ പലരും ആദ്യം നോക്കിയത് തങ്ങളുടെ വാർഡിലെ മറ്റു സ്ഥാനാർഥികളുടെ ചിഹ്നമായിരുന്നു. ആർക്കെങ്കിലും ഓറഞ്ചോ ആപ്പിളോ ചുരുങ്ങിയത് ഒരു നേന്ത്രപ്പഴം എങ്കിലും ചിഹ്നമായിട്ടുണ്ടോ? ഒരു ചെറ്യേ ചുറ്റിക, അല്ലെങ്കില്‍ ഒരു അലുമിനിയം കോണി, എവിടെ? എന്നാണാവോ നമ്മുടെ സ്ഥാനാർഥികൾ ടീ വീയും സൈക്കിളും അരകല്ലുമൊക്കെ അരങ്ങു വാഴുന്ന തമിൾ നാടിനെ കണ്ടുപഠിച്ചു മിടുക്കരാകാൻ പോകുന്നത്?
ചുവരെഴുത്തിനും റോഡ് എഴുത്തിനും ഒക്കെ കർശന നിയന്ത്രണം വന്നുതുടങ്ങി ഇപ്പോൾ. പക്ഷെ അത് കൊണ്ട് സ്ഥാനാർഥിയും അണികളും തോറ്റുമടങ്ങുമോ?. നാടോടുമ്പോ ഡിവൈഡറിൽ കൂടി ഓടി ശീലമുള്ളവരാണ് നമ്മൾ മലയാളികൾ . അവരിൽ തന്നെ മുന്തിയ ഇനമാണ് രാഷ്ട്രീയക്കാർ . ചുവരില്ലെങ്കിലും ചിത്രമെഴുതാം എന്ന് തെളിയിച്ചു ലോകത്തെ ഞെട്ടിക്കാനും അവര്‍ തയ്യാർ . അതിനായി അവര്‍ ഫ്ലെക്സ് ബോർഡുകൾ സൃഷ്ടിച്ചു. പഴയ ചുമരെഴുത്ത് സ്ഥാപനങ്ങൾ പ്രൊമോഷൻ നേടി ഫ്ലെക്സ് പ്രിന്റിംഗ് സെന്ററുകൾ ആയി. വിശാലമായ ബാനറുകൾ മാറി ചെറിയ ഫ്ലെക്സുകൾ വന്നു. സ്ഥാനാർഥിയുടെ കോളിനോസ് പുഞ്ചിരി മാറി ക്ലോസ്അപ് വെണ്മ വന്നു. ആശയങ്ങൾക്ക് കൂടുതല്‍ മിഴിവ് വന്നു, സ്വപ്‌നങ്ങൾക്ക് കൂടുതൽ വർണങ്ങളും. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വരവ് സ്ഥാനാർഥിയുടെ സാധ്യതകളെ ഫ്ലെക്സില്‍ മാത്രം ഒതുക്കി നിറുത്തിയില്ല. ടീ ഷർട്ടിലും ഷാളിലും തൊപ്പിയിലും പേനയിലും പീപ്പിയിലും ഫോൺ കവറിലും എന്തിനു ചെരിപ്പിൽ പോലും സ്ഥാനാർഥിയും ചിഹ്നവും പുഞ്ചിരിച്ചു നിന്നു.
പണ്ടൊക്കെ പാർട്ടി പ്രവർത്തകർ ആയിരുന്നു പരസ്യകലയുടെ പിന്നണിക്കാരെങ്കിൽ ഇന്നത് വൻകിട പരസ്യ ഏജൻസികളുടെ വിളനിലമായി. തെരഞ്ഞെടുപ്പ് ചിഹ്നത്തെ അവർ ലോഗോ എന്ന് വിളിച്ചു. അതിനു നിറങ്ങൾ നിശ്ചയിച്ചു. എല്ലായിടത്തും ഒരേ നിറത്തിൽ ചിഹ്നങ്ങൾ പ്രത്യക്ഷപ്പെട്ടു, ഒരു പൊതു കേന്ദ്രത്തിൽ നിന്നുള്ള ക്യാമ്പൈൻ എല്ലായിടത്തെയും പ്രചരണങ്ങൾക്കും ഒരുമ നൽകി. മുദ്രാവാക്യങ്ങൾ ടാഗ് ലൈൻ എന്ന് പേര് മാറ്റിയെത്തി നമ്മെ പ്രലോഭിപ്പിക്കുന്നു. ഇന്ത്യ തിളങ്ങുന്നതിൽ തുടങ്ങി എല്ലാം ശരിയാകും വരെ കാര്യങ്ങൾ നീളുന്നു. ചിലർക്ക് വഴി കാട്ടാൻ തിടുക്കം, മറ്റു ചിലർ വീണ്ടും വരാൻ വഴി തേടുന്നു. ഇ-കാലത്തെ യുവാക്കളെ വരുതിയിലാക്കാൻ ഈ വാചക കസർത്തൊന്നും പോരാ എന്ന തിരിച്ചറിവാണ് എല്ലാ പാർട്ടിക്കാരെയും സോഷ്യൽ മീഡിയയുടെ അനന്ത സാദ്ധ്യതസാധ്യതകളിലേക്ക് ആകർഷിച്ചത്. പണ്ട് കമ്പ്യൂട്ടറിനെ തള്ളിപ്പറഞ്ഞവർ ഇന്നതിനെ മടിയിലിരുത്തി താലോലിക്കുന്നു. നേതാക്കൾക്ക് വേണ്ടി കൂലിയെഴുത്തുകാർ ഫേസ് ബുക്കിൽ പരസ്പരം പോരടിക്കുന്നു. പഴയ പ്രസ്താവനകളും ചിത്രങ്ങളും വീഡിയോകളും തപ്പിയെടുത്തു ഹിസ്റ്റോറിക്കൽ ഓഡിറ്റിംഗ് നടത്തുന്നു. പരസ്പരം ട്രോളുന്നു, വാട്ട്സപ്പിൽ ഏറ്റുമുട്ടുന്നു. നീളൻ പ്രസംഗങ്ങൾ ചെറു ക്ലിപ്പുകൾക്ക് വഴി മാറുന്നു. തങ്ങളുടെ പാർട്ടിയെ പിന്തുണയ്ക്കുന്ന മുഖചിത്രം നിർമിക്കാൻ സൂത്രങ്ങൾ കണ്ടുപിടിക്കപ്പെടുന്നു. പോസ്റ്ററിലെ ഹോളോഗ്രാം തങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്‌താൽ സ്ഥാനാർഥിയുടെ വീഡിയോ കാണാം. സ്വന്തം പാർട്ടിയുടെയും സ്ഥാനാർഥിയുടെടെയും ആപ്പുകൾ ഡൌൺലോഡ് ചെയ്യാം. അങ്ങിനെ തെരഞ്ഞെടുപ്പ് പരസ്യ ലോകവും മറ്റു ലോകങ്ങൾ പോലെ ഡിജിറ്റൽ ആയിക്കഴിഞ്ഞു.
ഇപ്പറഞ്ഞതൊക്കെ ശരി തന്നെ. തെരഞ്ഞെടുപ്പ് ലോകം ഡിജിറ്റൽ ആയി. ബാലറ്റ് പേപ്പർ മാറി വോട്ടിംഗ് മെഷീൻ വന്നു. തുണി ബാനറുകൾ മാറി ഫ്ലെക്സ് ബോർഡുകൾ വന്നു. ചുവരെഴുത്ത് ഇഷ്ടികചുമരിൽ നിന്നു ഫേസ്ബുക്ക് വാളിലേക്ക് ചേക്കേറി. സ്ഥാനാർഥിയും പാർട്ടിയും ആപ്പിലായി.ഇതെല്ലാം തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെയുള്ള കാര്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എന്നും ആപ്പിലാകുന്നത് നമ്മൾ പാവം വോട്ടർമാർ തന്നെ. പിന്നെ അടുത്ത തെരഞ്ഞെടുപ്പു വരെ കാത്തിരിക്കണം തിരിച്ചൊരു ആപ്പ് വെക്കാൻ . അത് കൊണ്ട് ഒന്നോർത്തോളൂ . തെരഞ്ഞെടുപ്പിൽ എങ്കിലും നമ്മൾ പരസ്യത്തിന്റെ പുറം മോടിയിൽ വീണു പോകരുത്.
ജനാധിപത്യം നീണാൾ വാഴട്ടെ!
