നേതാക്കളുടെ വാക്കുകള്‍ കാറ്റില്‍ പറത്തി തെരഞ്ഞെടുപ്പ് ഗോദയില്‍ അപരന്‍മാര്‍. അപരന്‍മാരെ നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കില്ലെന്നും ആ പ്രവണതയെ എതിര്‍ക്കുമെന്നുമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ബിഗ് ഡിബേറ്റില്‍ മൂന്നു മുഖ്യധാരാപാര്‍ട്ടിയുടെയും നേതാക്കള്‍ പറഞ്ഞത്.

ഇനി തെരഞ്ഞെടുപ്പ് ഗോദയിലെ അവസ്ഥ നോക്കാം. ശക്തമായ പോരാട്ടം നടക്കുന്ന പല മണ്ഡലങ്ങളിലും അപരസാന്നിദ്ധ്യമുണ്ട്. പ്രമുഖസ്ഥാനാര്‍‍ത്ഥകളുടെ പേര് മാത്രമല്ല ഇനിഷ്യല്‍ പോലും സമാനമായ അപരന്‍മാരെ അങ്കത്തട്ടില്‍ ഇറക്കാനുള്ള വൈദഗ്ധ്യം എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും കാട്ടിയിട്ടുണ്ട്. ഡ്യൂപ്ലിക്കേറ്റുകളുടെ നാടായ കുന്നംകുളം ഇക്കുറിയും അപരസാന്നിദ്ധ്യത്താല്‍ ശ്രദ്ധേയം. അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപിജോണിന് ഇത്തവണയും അപരശല്യമുണ്ട്. നെന്മാറയിലെ എല്‍എഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന് മൂന്ന് അപരന്‍മാരുണ്ട്. പട്ടാമ്പി, മണ്ണാര്‍ക്കാട്, ചിറ്റൂര്‍, തൃത്താല, പൂഞ്ഞാര്‍, കൊണ്ടോട്ടി ഇങ്ങനെ പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊക്കെയും സ്ഥാനാര്‍ത്ഥികള്‍ അപരന്‍മൂലം വലയും. കെപിസിസി പ്രസിഡന്റ് വി എം സുധീരനടക്കം അപരന്‍മാരെക്കൊണ്ട് പരാജയത്തിന്റെ കയ്പ്പറിഞ്ഞവര്‍ അനവധിയാണ് കേരള രാഷ്‌ട്രീയത്തില്‍. ഇക്കുറി വോട്ടിംഗ്
യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേരിനൊപ്പം ഫോട്ടോകള്‍ കൂടി ഉള്ളതും തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുഖ്യധാരാപാര്‍ട്ടികള്‍ക്കു നല്‍കിയിട്ടുള്ള മുന്‍ഗണനയും സ്ഥാനാര്‍ത്ഥികള്‍ക്ക് ആശ്വാസമാണ്.