ദില്ലി: ബംഗാളിലെ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ഭിന്നത. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം ബംഗാള്‍ ഘടകം അട്ടിമറിക്കുന്നുവെന്നാണ് കേന്ദ്രകമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ പരാതി. കോണ്‍ഗ്രസുമായി ധാരണോ സഖ്യമോ പാടില്ലെന്ന തീരുമാനമായിരുന്നു കേന്ദ്രകമ്മിറ്റി എടുത്തത്. എന്നാല്‍ ബംഗാളിലിപ്പോള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മല്‍സരിക്കുന്നതിലും, മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി വേദി പങ്കിടുന്നതിലും, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വോട്ടു ചോദിക്കുകയും ചെയ്യുന്നതില്‍ ഒരു വിഭാഗം കേന്ദ്രനേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്.

അതേസമയം, പരാതികള്‍ തിരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ അഭിപ്രായം. അതിനിടയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് സീതാറാം യച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ബംഗാളിലെ റിപ്പോര്‍ട്ട് അനുസരിച്ച് അവിടുത്തെ സാഹചര്യം ചര്‍ച്ച ചെയ്യും. ഇപ്പോള്‍ കാണുന്നത് നേതാക്കളുടെ നിയന്ത്രണത്തിനതീതമായ ജനമുന്നേറ്റമാണെന്നും യച്ചൂരി പറയുന്നു. ബംഗാള്‍ ഘടകത്തിന്റെ റിപ്പോര്‍ട്ട് പരിഗണിക്കും. ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് ബംഗാളില്‍ നടക്കുന്നത്, യച്ചൂരി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്രയും കോണ്‍ഗ്രസ് നേതാവ് മാനസ് ഭൂനിയയും സംയുക്തമായി തുറന്ന വാഹനത്തില്‍ ബംഗാളിലെ നാദിയയില്‍ കോണ്‍ഗ്രസ്ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.