പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് വാഹന പര്യടനത്തിന് തുടക്കം കുറിച്ചത് തന്‍റെ ചിഹ്നമായ ഓട്ടോറിക്ഷയിലാണ്. ആദ്യമായാണ് സ്ഥാനാര്‍ത്ഥി ഓട്ടോറിക്ഷ ഓടിക്കുന്നതും. സ്ഥാനാര്‍ത്ഥിക്ക് കന്നി യാത്രക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആത്മവിശ്വാസം പകരാനും അണികളും ഒപ്പമുണ്ട്. മണ്ഡലത്തിലുടനീളം ഓട്ടോറിക്ഷയിൽ പര്യടനം നടത്താന്‍ കഴിയില്ല എങ്കിലും ഓട്ടോറിക്ഷയും കൂടെയുണ്ടാകും. ചിഹ്നത്തോട് തനിക്കുള്ള സ്നേഹം കൊണ്ടാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
തിരുവാങ്കുളം പ്രദേശത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനാണ് ഇരുന്പനം ട്രാക്കോ ജംഗ്ഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. അവസാന ഘട്ട പ്രചാരണ പരിപാടികള്‍ തനിക്ക് ആത്മവിശ്വാസം കൂട്ടുന്നുവെന്ന് സ്ഥാനാര്‍ത്ഥി പറയുന്നു.
1991 മുതല്‍ 2011 വരെ മണ്ഡലത്തിന്‍റെ എംഎല്‍എയായിരുന്ന ടി എം ജേക്കബിന്‍റെ മകനാണ് അനൂപ് ജേക്കബ്. 2011ല്‍ അദേഹത്തിന്‍റെ നിര്യാണത്തിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിലൂടെ അനൂപ് ജേക്കബ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
157 വോട്ടുകള്‍ക്കായിരുന്ന് എല്‍ഡിഎഫിന്‍റെ എം ജെ ജേക്കബിനോട് വിജയിച്ചത്. ഇത്തവണയും എല്‍ഡിഎഫിന്‍റെ എം ജെ ജേക്കബ് തന്നെയാണ് പ്രധാന എതിരാളി. ബിജെപിയുടെ സ്ഥാനാര്‍ത്ഥി എം എന്‍ മധുവാണ്.
