പത്തനംതിട്ട/മാനന്തവാടി: സംവരണ മണ്ഡലമായ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ഷാജുവിന്റെയും മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി പി.കെ.ജയലക്ഷ്മിയുടെയും നാമനിർദ്ദേശപത്രികകള്‍ സ്വീകരിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലക്ഷ്മി വ്യാജ സത്യവാങ്മൂലം നല്‍കിയെന്നായിരുന്നു എല്‍ഡിഎഫിന്റെ പരാതി.

ഷാജുവിന് സംവരണത്തിന് അർഹതയില്ലെന്ന എല്‍ഡിഎഫിന്റെ പരാതിയാണ് വരണാധികാരി അടൂർ ആര്‍ഡിഒ എം.കെ. കബീർ തള്ളിയത്. ഷാജുവിന്റെ എസ്എസ്എല്‍സി ബുക്കിൽ വർണ്ണവ എന്നാണെന്നും ഇത് പട്ടികജാതി വിഭാഗത്തിൽപ്പെട്ടതല്ലെന്നുമായിരുന്നു എല്‍ഡിഎഫിന്റെ ആക്ഷേപം.

എന്നാൽ മാവേലിക്കര തഹസീൽദാർ നൽകിയ ജാതി സർട്ടിഫിക്കറ്റ് കണക്കിലെടുത്ത് ഷാജുവിന്റെ പത്രിക സ്വീകരിക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് LDF ജില്ലാ നേതൃത്വം വ്യക്തമാക്കി. അതേസമയം UDF റിബൽ സ്ഥാനാർത്ഥിയായി രംഗത്തുവന്ന ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അടൂർ മോഹൻദാസ് മത്സരത്തിൽനിന്ന് പിന്മാറുമെന്ന് അറിയിച്ചിട്ടുണ്ട്.