
കോഴിക്കോട്: കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ സഹായിച്ചിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ വെളിപ്പെടുത്തല്‍. ബിജെപിയെ തോല്പിക്കാനായിരുന്നു ഈ സഹായം. ഏറെ വൈകാതെ ബംഗാള്‍ മോഡല്‍ സഹകരണം കേരളത്തില്‍ ഉണ്ടാകുമെന്ന് പറയാന്‍ സന്തോഷമുണ്ടെന്നും കെ സി അബു കോഴിക്കോട് പറഞ്ഞു
കോണ്‍ഗ്രസിന്‍റെ മുഖ്യശത്രു ബിജെപിയാണ്..ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് വേണമെങ്കില്‍ സിപിഎമ്മിനെ സഹായിക്കും. കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില് അങ്ങനെ ചെയ്തിട്ടുണ്ട്. 68 ആം വാര്‍ഡായ ചക്കാരോത്ത്കുള് സിപിഎമ്മിന്‍റെ തോട്ടത്തില്‍ രവീന്ദ്രനെ ജയിപ്പിച്ചത് കോണ്‍ഗ്രസാണ്.
തോട്ടത്തില്‍ രവീന്ദ്രന് 921 വോട്ടും ബിജെപിയിലെ ജഗന്നാഥന് 887 വോട്ടുമാണ് കിട്ടിയത്. യുഡിഎഫിന്‍റെ ഭാഗമായി മത്സരിച്ച ജെ ഡി യുവിന് കിട്ടിയത് 316 വോട്ടും. തോട്ടത്തില്‍ രവീന്ദ്രന്‍റെ ജയം 34 വോട്ടിനായിരുന്നു. ബിജെപിയെ തോല്‍പിക്കാന്‍ ആരുമായും കൂട്ടുകൂടുമെന്ന് പറഞ്ഞ കെ സി അബു ഇത്തവണ കോഴിക്കാട് നോര്‍ത്തില്‍ സിപിഎംബിജെപി രഹസ്യബന്ധമുണ്ടെന്നും ആരോപിച്ചു
നേരത്തെ മതസ്പര്‍ദ്ധ പരത്തുന്ന തരത്തില്‍ ബേപ്പൂര്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചതിന് കെ സി അബുവിനെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചിരുന്നു.
