തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ലാപ്പിലാണു കേരളം. ദേശീയ, സംസ്ഥാന നേതാക്കളുടെ വാക്പോരില്‍ തിളയ്ക്കുകയാണു പ്രചാരണ രംഗം. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിനെച്ചൊല്ലി പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരിനു തലസ്ഥാനത്തെ പ്രചാരണ വേദികള്‍ സാക്ഷിയായതു കൗതുകമായി. അമിത് ഷാ ഇന്നും മോദി നാളെയും പ്രചാരണത്തിനെത്തും.

പുതുച്ചേരിയിലെയും തമിഴ്‌നാട്ടിലെയും പ്രചാരണത്തിനു ശേഷം ഇന്നു തലസ്ഥാനത്ത് എത്താനായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടി. നാളെ കായംകുളം, ഉടുമ്പന്‍ചോല, അങ്കമാലി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണം. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇന്നത്തെയും നാളത്തെയും പ്രചാരണം റദ്ദാക്കി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി രാഹുലിന്റെ പരിപാടികള്‍ പുനഃക്രമീകരിക്കാന്‍ ആലോചനയുണ്ട്.

കേന്ദ്രമന്ത്രിമാര്‍ കൂട്ടത്തോടെ വരും ദിവസങ്ങളില്‍ സംസ്ഥാനത്തേക്കെത്തുന്നുണ്. അവരെല്ലാം ഹെലികോപ്ടര്‍ ഇടപാട് വിഷയമാക്കും. കോണ്‍ഗ്രസ് നേതാക്കളും വികാര നിര്‍ഭരമായ സോണിയയുടെ പ്രസംഗത്തിന്റെ ചുവടു പിടിച്ചു മോദിക്കെതിരെ വിമര്‍ശനം ശക്തമാക്കും. സംസ്ഥാനത്ത് പ്രചാരണത്തിലുള്ള ഇടതു നേതാക്കളും ദേശീയ വിഷയങ്ങളില്‍ ഊന്നുമോയെന്നാണു കാത്തിരുന്നു കാണേണ്ടത്. ദേശീയ വിഷയങ്ങളും ദേശീയ നേതാക്കളും കൂടി ചേരുന്നതോടെ അവസാന റൗണ്ട് കൂട്ട പ്പൊരിച്ചില്‍ പൊടിപൊടിക്കുമെന്നുറപ്പാണ്.