തിരുവനന്തപുരം: സംസ്ഥാനത്ത് ഇരു മുന്നണികള്‍ക്കും വിജയവും എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചിച്ചു വിവിധ അഭിപ്രായ സര്‍വെകള്‍. കലാകൗമുദി വാരികയും സെറിബ്ര മീഡിയയും നടത്തിയ രണ്ടു സര്‍വെകളാണു പുറത്തുവന്നത്.

കലാകൗമുദി വാരികയും എഡ്യൂപ്രസ് ചേര്‍ന്നു നടത്തിയ സര്‍വെയില്‍, 98 മുതൽ 102 സീറ്റ് വരെ നേടി ഇടതു മുന്നണി അധികാരത്തിൽ വരുമെന്നു പ്രവചിക്കുന്നു. 38 മുതൽ 42 സീറ്റ് വരെ യുഡിഎഫിനും രണ്ടു സീറ്റ് വരെ എൻഡിഎയ്ക്കും ലഭിക്കുമെന്നാണു വിലയിരുത്തല്‍. നേമം മണ്ഡലത്തിൽ 39 ശതമാനം വോട്ട് ഇടതു മുന്നണിയും 33 ശതമാനം ബിജെപിയും 16 ശതമാനം വോട്ട് യുഡിഎഫും നേടുമെന്നാണു പ്രവചനം.

അതേ സമയം സെറിബ്ര മീഡിയയുടെ സര്‍വേയില്‍ 78 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണു പറയുന്നത്. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഇടതു മുന്നണിയും എൻഡിഎയും പങ്കിട്ടെടുക്കുന്നതിനാൽ യുഡിഎഫ് നേട്ടമുണ്ടാക്കുന്നതെന്നാണു കണ്ടെത്തൽ.

പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും ബിജെപി ഫാക്ടറിലൂന്നി ഇരു മുന്നണികളും ഏറ്റമുട്ടുകയാണ്. ബിജെപി വിരുദ്ധ വോട്ടു സമാഹരണത്തിനു മുന്നണികള്‍ മല്‍സരിച്ചപ്പോള്‍ ഇരു മുന്നണികളുടെയും പരമ്പരാഗത വോട്ടുകള്‍ ചോര്‍ത്താനാണ് എൻഡിഎയുടെ ശ്രമം. അങ്ങനെ അവസാന ആഴ്ചയിലെ കൂട്ടപ്പൊരിച്ചിലിൽ ജിഷയുടെ കൊലപാതകം, അഴിമതി, മദ്യനിരോധനം, വികസനം തുടങ്ങിയവയെല്ലാം ആയുധമാകും. അനുകൂല തരംഗമുണ്ടെന്ന് അവകാശപ്പെടുമ്പോഴും നേട്ടം ഉറപ്പിക്കാനാവാതെയാണ് മൂന്നു മുന്നണികളും.