കൊച്ചി: എം വി നികേഷ് കുമാറിനെതിരായ പരാതിയില്‍ വിശദീകരണവുമായി വി എസ് അച്യുതാനന്ദന്‍. ഡിജിപിക്ക് പരാതി അയച്ചത് തന്റെ ഓഫീസിലെ ഒരു സാധാരണ നടപടിക്രമം മാത്രമാണെന്ന് വിഎസ് വ്യക്തമാക്കി. നികേഷിനെതിരായ പരാതിയില്‍ നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്നാണ് ഡിജിപിയോട് ആവശ്യപ്പെട്ടത്.

അന്വേഷണത്തില്‍ കഴമ്പുണ്ടെങ്കില്‍ കേസെടുക്കണമെന്ന് മാത്രമേ കത്തുകൊണ്ട് ഉദ്ദേശിച്ചിട്ടുളളൂ. ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് സമയത്ത് കുത്തിപ്പൊക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേ സമയം നികേഷ്‌കുമാറിന് എതിരായ കേസുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടിവിയും വിശദീകരണം നല്‍കിയിട്ടുണ്ട്. നികേഷ് കുമാറിന്റെ നാമനിര്‍ദ്ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യമാങ്മൂലത്തില്‍ പരാമര്‍ശിച്ച കേസുകള്‍ കമ്പനിയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വ്യക്തിപരമായ നിലയില്‍ ഈ കേസുകളിലോ ഇടപാടുകളിലോ നികേഷ് കുമാറിന് ഒരു ബാധ്യതയുമില്ലെന്ന് റിപ്പോര്‍ട്ടര്‍ ടിവി പറയുന്നു.