കുന്ദമംഗലം കുന്ദമംഗലത്ത് വിമതരാവില്ലെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍ക്ക് പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ ഉറപ്പ്. യുഡിഎഫ് സ്ഥാനാ‍ത്ഥിയായി ടി സിദ്ധിഖിനെ പ്രഖ്യാപിച്ചതുമുതല്‍ ലീഗ് പ്രാദേശിക നേതൃത്വം നിസ്സഹകരണം തുടങ്ങിയിരുന്നു. സിദ്ദീഖിന്റെ പ്രചരണ പരിപാടികളില്‍ പോലും പല നേതാക്കളുമെത്തിയില്ല. കുന്ദമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തതിന്റെ അമര്‍ഷമായിരുന്നു ലീഗ് അണികളില്‍ പ്രകടമായിരുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ട തെരഞ്ഞെടുപ്പ് കണവെന്‍ഷന്‍ തര്‍ക്കങ്ങള്‍കാരണം മാറ്റിവച്ചു. 

കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് കടക്കാതിരിക്കാന്‍ ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീറിന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. തുടർന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിനൊപ്പം പാണക്കാട്ടെത്തിയായിരുന്നു ലീഗ് നേതാക്കള്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്. വരും ദിവസങ്ങളില്‍ കൂട്ടായ പ്രവ‍ത്തനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിരുന്നു പാണക്കാട്ടെ സന്ദര്‍ശനമെന്ന് സിദ്ദിഖ് പറഞ്ഞു. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്, യൂത്ത് ലീഗ് ഭാരവാഹികള്‍ എന്നിവര്‍ക്കൊപ്പം കെപിസിസി നിർവാഹക സമിതി അംഗം മൊയ്തീനും പാണക്കാട്ടെത്തിയിരുന്നു.