പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. ഉച്ചക്ക് രണ്ടിനു പാലക്കാട് കോട്ടമൈതാനിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി നടക്കും.
പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ പാലക്കാട് ഒരുങ്ങി. പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ മേഴ്‌സി കോളേജ് മൈതാനത്ത് ഇറങ്ങും. പിന്നീട് വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെയായിരിക്കും കോട്ടമൈതാനത്തേക്ക് എത്തുക.
12 മണ്ഡലങ്ങളിലെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും റാലിക്കെത്തും. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, എന്‍ഡിഎ നേതാക്കളായ പി.സി. തോമസ്, സി.കെ. ജാനു തുടങ്ങിയവരും റാലിയില്‍ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ ജെപി നദ്ദ, രാജീപ് പ്രതാപ് റൂഡി എന്നിവരും സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള എം.പിമാരും റാലിയില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് പാലക്കാട് നഗരം. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലക്കാട്ടെ പരിപാടിക്കു ശേഷം തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി പോകും.
