തിരുവനന്തപുരം: പത്തിന കര്‍മ പരിപാടികളുമായി എന്‍ഡിഎയുടെ വികസന രേഖ പുറത്തിറക്കി. രണ്ടാം ഭൂപരിഷ്‌കരണവും ഘട്ടം ഘട്ടമായുള്ള മദ്യനിരോധനവുമാണു പ്രധാന വാഗ്ദാനങ്ങള്‍. ദീര്‍ഘവീക്ഷണമില്ലാത്ത ഇടതു വലതു സര്‍ക്കാരുകളാണു കേരളത്തിന്റെ വികസന തകര്‍ച്ചക്കു കാരണമെന്നു വികസന രേഖപുറത്തിറക്കിക്കൊണ്ടു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്‍ഡിഎയുടെ കേരള ഘടകം ഔദ്യോഗികമായി നിലവില്‍ വന്നു.

മുഴുവന്‍ ഭൂരഹിതര്‍ക്കും രണ്ടു വര്‍ഷത്തിനുള്ള ഭൂമി ലക്ഷ്യമാക്കുന്നവിധത്തിലാണു ഭൂപരിഷ്‌കരണം. പാട്ടക്കാലാവധി കഴിഞ്ഞ 60,000 ഏക്കര്‍ഭൂമി ഏറ്റെടുത്തു ഭൂരഹിതര്‍ക്കു വിതരണം ചെയ്യുമെന്നാണു പ്രധാന വാഗ്ദാനം, പുതിയ ബാറുകള്‍ തുറക്കില്ല. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കും. പലിശ രഹിത കാര്‍ഷിക വായയ്ക്കു പുറമേ കൃഷിക്കുവേണ്ടി പ്രത്യേക ബജറ്റും അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുമെന്നു പത്തിന കര്‍മ്മ പരിപാടിയില്‍ എന്‍ഡിഎ വാദഗ്‌നം നല്‍കുന്നു.

വികലമായ വികസന നയംമൂലം കേരളവും പശ്ചിമബംഗാളും സാമ്പത്തിക കമ്മിയുള്ള സംസ്ഥാനങ്ങളായെന്നു വികസന രേഖ പ്രകാശനം ചെയ്ത അരുണ്‍ ജെയ്റ്റിലി പറഞ്ഞു. സംസ്ഥാന അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പാര്‍പ്പിട പദ്ധതി, മന്നം വിദ്യാഭ്യാസ സ്‌കോളഷിപ്പ്, പത്താം ക്ലാസുകഴിഞ്ഞ ആദിവാസി യുവാക്കള്‍ക്കു സര്‍ക്കാര്‍ ജോലി എന്നിവ വാദ്ഗാനം ചെയ്യുന്ന എന്‍ഡിഎ, അധികാരത്തിലെത്തിയാല്‍ പരിസ്ഥിതി വിരുദ്ധ ഉത്തരവുകള്‍ പുനപരിശോധിക്കുമെന്നും പറയുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കേരള ഘടകം ഔദ്യോഗികമായി നിലവില്‍വന്നുവെന്നും ജെയ്റ്റി പ്രഖ്യാപിച്ചു. എന്‍ഡിഎയുടെ സമ്പൂര്‍ണയോഗംവും ഇന്നു നടന്നു.