തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം സമാപിച്ചു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇന്ന് പത്രിക സമര്‍പ്പിച്ചു. സൂഷ്മപരിശോധന നാളെ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയം പള്ളിക്കത്തോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ബിഡിഒ, സി ശ്രീരേഖയ്‌ക്ക് മുന്നിലാണ് പത്രിക നല്‍കിയത്. തന്റെ പേരില്‍ കേസ് ഒന്നുമില്ലെന്ന സത്യവാങ്മൂലവും മൂന്ന് സെറ്റ് പത്രികയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്.
യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായാണ് ഉമ്മന്‍ചാണ്ടി പത്രിക സമര്‍പ്പിക്കാന്‍ എത്തിയത് ഹരിപ്പാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥനാര്‍ത്ഥി മന്ത്രി രമേശ് ചെന്നിത്തല ബ്ലോക്ക് വികസന ഓഫീസിലെത്തിയാണ് പത്രിക നല്‍കിയത്. തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി കെ ബാബു എറണാകുളം കളക്ട്രേറ്റിലെത്തി പത്രിക നല്‍കി. തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മന്ത്രി വിഎസ് ശിവകുമാര്‍ ജില്ലാ കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിച്ചു.
കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി അടൂര്‍ പ്രകാശ് കോന്നി ബ്ലോക്ക് വികസന ഓഫീസര്‍ മുമ്പാകെയാണ് പത്രിക നല്‍കി. തൊടുപുഴയില്‍ മന്ത്രി പി.ജെ.ജോസഫും പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍ ഇരിക്കൂറില്‍ നിന്ന് എട്ടാം തവണയും ജനവിധി തേടുന്ന മന്ത്രി കെ.സി ജോസഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ വഞ്ചിയൂര്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലാണ് പത്രിക നല്‍കിയത്.
