ശ്രീ ഉമ്മന്‍ചാണ്ടി, ഇത്തവണയാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ ധ്രുവീകരണമുള്ള തെരഞ്ഞെടുപ്പ് എന്ന് എല്ലാവരും പറയുന്നു. താങ്കള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?

എനിക്ക് അങ്ങനെ തോന്നുന്നില്ല. കേരളം ഒരിക്കലും രാഷ്ട്രീയമായിട്ടല്ലാതെ മറ്റൊരു രീതിയില്‍ പോയിട്ടില്ല. ചില ഘടകങ്ങള്‍ വന്നേയ്ക്കാം. പക്ഷെ നിര്‍ണായകമാകും എന്ന് ഒരിക്കലും കരുതുന്നില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ധാരണ അതാണ്.

പക്ഷെ ഈ ജാതി പറയല്‍, ജാതി സംഘടനകളുടെ സ്വാധീനം, വര്‍ഗീയത എന്നിവ ഏറ്റവും കൂടുതല്‍ ഇതുപോലെ വന്നിട്ടില്ല എന്നൊരു തോന്നലുണ്ട്. കുറച്ചു കാലം തിരഞ്ഞെടുപ്പ് കണ്ട റിപ്പോര്‍ട്ടര്‍ എന്ന നിലയ്ക്ക് എനിക്ക് തോന്നുന്നുണ്ട്. ജാതി കൂടുതല്‍ പറയുന്നുണ്ട്?

മാധ്യമങ്ങളിലൊക്കെ അങ്ങനെ വരുന്നുണ്ട്. പക്ഷെ ജനങ്ങളുടെ മനസ്സില്‍ വന്നാലല്ലേ അത് വോട്ടിനെ ബാധിക്കു. ജനങ്ങളെ നയിക്കുന്നത് രാഷ്ട്രീയചിന്തയായിരിക്കും എന്നതില്‍ യാതൊരു സംശയവും എനിക്കില്ല.

അതിലൊരു മൂന്നാം മുന്നണി ഉണ്ടോ? ആ രാഷ്ട്രീയ ചിന്തയില്‍ യു ഡി എഫും എല്‍ ഡി എഫും അല്ലാതെ ഒരു മൂന്നാമതൊരു ഓപ്ഷന്‍?

ബി ജെ പിയും മത്സരിക്കുന്നണ്ടല്ലോ, പക്ഷെ അവര്‍ക്കിതുവരെ കേരളത്തില്‍ ഒരു സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പിലും സാധിക്കില്ല.

പക്ഷെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷച്ചതിനെക്കാള്‍ നേട്ടം തിരുവനന്തപുരത്തടക്കം കണ്ടതല്ലെ. അപ്പൊ ഇത്തവണ അവര്‍ ഒന്നല്ല ഒരുപാടാണ് പറയുന്നത്?

അതൊക്കെ നമ്മള്‍ കാണാന്‍ പോകുന്നതാണ്. ഒരിക്കലും കേരളത്തിന്റെ മനസ് ബി ജെ പിയുടെ അജണ്ടയോട് യോജിക്കുന്നതല്ല. എന്നും ഉയര്‍ന്ന ചിന്തകളാണ് കേരളത്തിലെ ജനങ്ങള്‍ നടത്തിയിട്ടുള്ളത്. വിഭാഗീയതക്കെതിരായുള്ള ഒരു സമീപനം തന്നെയാണ് അത്.

പക്ഷെ പല മണ്ഡലങ്ങളിലും ഇപ്പൊ ത്രികോണ മത്സരം പോലെ തോന്നുന്നുണ്ട്. അവരും കൂടി നില്‍ക്കുന്ന സ്ഥലങ്ങളില്‍, ബി ഡി ജെ എസ് നില്‍ക്കുന്ന സ്ഥലങ്ങളില്‍ ഒക്കെ. അതുകൊണ്ടാണ് ഞാന്‍ ആദ്യം ചോദിച്ച വര്‍ഗീയ ധ്രൂവീകരണം ഉണ്ട് എന്നു പറയുന്നത്?

അതിപ്പോള്‍ റിസള്‍ട്ട് വരുമ്പോ നമുക്ക് കാണാന്‍ സാധിക്കും കേരളത്തിലെ ജനങ്ങള്‍ അങ്ങനെ ഇതുവരെ ചിന്തിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പിലും ചിന്തിക്കില്ല എന്ന് പൂര്‍ണമായും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

നിങ്ങള്‍ കോണ്‍ഗ്രസുകാര്‍ സഹായിച്ചാല്‍ മാത്രമേ അവര്‍ അക്കൗണ്ട് തുറക്കു എന്ന്‌ സി പി എം നിരന്തരമായി ആരോപിച്ചു കൊണ്ടിരിക്കുകയാണ്?

കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് ഇന്ന് ഇന്ത്യയിലെ മത്സരം നടന്നു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് മുക്തഭാരതം എന്നാണ് നരേന്ദ്ര മോദി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്വപ്നം നടക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസില്ലാത്ത ഭാരതം ചിന്തിക്കാന്‍ സാധിക്കില്ല. പക്ഷെ അവരുടെ മുദ്രാവാക്യം അതാണ്. ഇന്നവര്‍ ലക്ഷ്യമിടുന്നത് സോണിയാജിയും രാഹുല്‍ ഗാന്ധിയുമാണ്, ഒരു കേന്ദ്രസര്‍ക്കാര്‍ ഇത്രയും ഉന്നതരായ നേതാക്കളെ പോലും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന അവസരത്തില്‍ ബി ജെ പിയുമായി കോണ്‍ഗ്രസ് കൂടുക, ഇത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഗൂഢഉദ്ദേശത്തോടുകൂടിയ, അവര്‍ വളഞ്ഞ മാര്‍ഗത്തിലൂടെ എന്തെങ്കിലും ധാരണയുണ്ടാക്കുന്നുണ്ടോ എന്നാണ് ഈ ആരോപണം വന്ന സാഹചര്യത്തില്‍ അന്വേഷിക്കേണ്ടത്. കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്ക് കേരളത്തില്‍ ഭരണം കിട്ടേണ്ടത് വളരെ അടിയന്തര ആവശ്യമാണ്. അവരുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്. ബി ജെ പിയ്ക്ക് ഇവിടെ അക്കൌണ്ട് തുറക്കേണ്ടത് അവരുടെയും ആവശ്യമാണ്. ഇത് തമ്മില്‍ ബന്ധമുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. യെച്ചൂരി ഇന്നലെ ഇവിടെ വന്ന് ബി ജെപിയ്ക്ക് എതിരായിട്ടു പറഞ്ഞല്ലോ. യെച്ചൂരി ബീഹാറില്‍ ചെയ്തതെന്താ, അവിടെ അവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി. എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ടുകള്‍ ഭിന്നിപ്പിച്ചു. അതിന്റെ ഫലമായി ബി ജെ പി പത്തു സീറ്റ് ജയിച്ചു, അവിടെ മതേതരത്വ വോട്ടുകള്‍ ഭിന്നിപ്പിക്കാതിരുന്നുവെങ്കില്‍ ബീഹാറിലെ ബി ജെ പിയുടെ പതനം അതീവ ഗുരുതരമാകുമായിരുന്നു. ശ്രീ യെച്ചൂരി ഇതിനു മറുപടി പറയണം.

പ്രചരണത്തിലേക്ക് വരുമ്പോള്‍ താങ്കളുടെ പ്രധാന ആരോപണങ്ങള്‍ അല്ലെങ്കില്‍ പ്രചരണ വിഷയവുമായിട്ടു പുറത്തേയ്ക്ക് വരുമ്പോള്‍, വി എസ്സിനോട് പത്തു ചോദ്യങ്ങള്‍ അല്ലെങ്കില്‍ വി എസ്, താങ്കളോട് പത്തു ചോദ്യങ്ങള്‍. നിങ്ങള്‍ രണ്ടുപേരും ഇങ്ങനെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനുമപ്പുറത്തേയ്ക്ക് വലിയ വിഷയങ്ങള്‍ ഒന്നുമില്ലേ?

തെറ്റാണ്, നിങ്ങള്‍ മാധ്യമങ്ങള്‍ കൊടുക്കാത്തതുകൊണ്ടാണ്. ബി ജെ പിയ്‌ക്കെതിരായിട്ടുള്ള പ്രചാരണവും കേരളത്തില്‍ ശക്തമാണ്. യാതൊരു സംശയവും ഇല്ല.

ഞാന്‍ ബി ജെ പിയ്ക്ക് എതിരെ എന്നുള്ളത് മാത്രമല്ല ഉദ്ദേശിച്ചത് ,വി എസ്സിനെ കോര്‍ണര്‍ ചെയ്തു നില്‍ക്കുമ്പോള്‍, ഇപ്പൊ താങ്കള്‍ ഭരണതുടര്‍ച്ച, വികസനങ്ങള്‍ പറയുമ്പോള്‍, അത്തരം കാര്യങ്ങള്‍ക്കപ്പുറത്തേക്ക് വ്യക്തിപരമായ പോരാട്ടം പൊലെ അത് മാറുന്നുണ്ടോ?

ഒരിക്കലും ഇല്ല. അതൊക്കെ മാധ്യമ സൃഷ്ട്ടിയാണ്. മാധ്യമങ്ങള്‍ അവരുടെ അജണ്ടയ്ക്കാനുസരിച്ചാണ് പ്രാധാന്യം കൊടുക്കുന്നത്. ഞങ്ങള്‍ക്കിപ്പോ മാധ്യമം പറയുന്നതിനനുസരിച്ച് നീങ്ങാന്‍ പറ്റുമോ? ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയുന്നുണ്ട്. അതുപോലെ തന്നെ ഈ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന വിഷയം, വികസനവും കരുതലുമാണ്. കേരളത്തിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു പരിപാടിയാണ് യു ഡി ഫ് ഉയര്‍ത്തുന്നത്. ബി ജെ പിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും സമീപനങ്ങള്‍ ജനങ്ങള്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ആണ്. ബി ജെ പിയുടെ ലക്ഷ്യം വിഭാഗീയത സൃഷ്ട്ടിച്ച്, മതസൗഹാര്‍ദ്ദത്തിനു കോട്ടം വരുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തി അതില്‍ നിന്ന് മുതലെടുക്കാനാണ് ശ്രമിക്കുന്നത്. അതിനോട് കേരളം ഒരിക്കലും യോജിക്കത്തില്ല. അതുപോലെ തന്നെയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും, അക്രമ രാഷ്‌‌ട്രീയവും കൊലപാതക രാഷ്‌ട്രീയവുമാണ് അവരുടേത്. ഇപ്പൊ ഇതാ ഇന്നലെ മരിച്ചിരിക്കുന്നു. ബോംബു നിര്‍മാണത്തിനിടെ. ഈ വിഷയത്തില്‍ എന്താണ് ആ പാര്‍ട്ടിക്ക് പറയാനുള്ളത്? ആ പാര്‍ട്ടിയിലെ എത്രയോ നേതാക്കള്‍ ഇന്ന് കൊലക്കേസില്‍ പ്രതികളാണ്? ഇതില്‍ നിന്നൊക്കെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മാറി നില്‍ക്കാന്‍ പറ്റുമോ. വര്‍ഗീയമായ വിഭാഗീയതയോട് യോജിപ്പില്ല, അതുപോലെ തന്നെ ആക്രമണ രാഷ്ട്രീയത്തോടും ബോംബു നിര്‍മാണവുമായിട്ടുള്ളതിനോടും യോജിപ്പില്ല. അവിടെയാണ് യു ഡി എഫിന്റെ വികസനവും കരുതലും എന്നതിന്റെ പ്രസക്തി. കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ട് ഞങ്ങള്‍ സ്വീകരിക്കുന്ന ഈ സമീപനത്തിന് കേരളത്തിലെ ജനങ്ങളുടെ പൂര്‍ണമായ പിന്തുണ കിട്ടിയിട്ടുണ്ട്. അതാണ് ഭരണത്തുടര്‍ച്ച എന്നതില്‍ ഞങ്ങള്‍ തികഞ്ഞ ആത്മവിശ്വസത്തോടെ സംസാരിക്കുന്നത്. എങ്ങനെയാണ് പിന്തുണ കിട്ടിയത്? ഇവിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും യു ഡി എഫിനെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. മൂന്നു നിമയസഭാമണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപുകളില്‍, പര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍. ഇപ്പൊ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊരു മേല്‍ക്കൈ എന്നൊരു പ്രചരണം വന്നിട്ടുണ്ട്. അത് ശരിയല്ല. ജില്ല പഞ്ചായത്തും, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പും എടുക്കണം. അതാണ് രാഷ്ട്രീയം. ഗ്രാമപഞ്ചായത്ത് എടുക്കുമ്പോള്‍ ശരിയാണ്. അവിടെ കുറെയധികം റിബലുകള്‍ വന്നു. കുറേയധികം വിഭാഗീയത പ്രശ്‌നങ്ങള്‍ വന്നു. നേരെ മറിച്ചു ജില്ല പഞ്ചായത്തും മുന്‍സിപ്പല്‍ കോര്‍പ്പറേഷനും എടുത്തു നോക്കണം. ജില്ലാ പഞ്ചായത്തില്‍ 7-7 ആണ്. നഗരസഭകളില്‍ ഒപ്പത്തിനൊപ്പമാണ്. ഇവിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും യു ഡി എഫിനനുകൂലമായി ജനങ്ങള്‍ വിധിയെഴുതിയത് ഈ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസനവും കരുതലും, ഇതാണ് കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം, അഭിലാഷം. അത് പൂര്‍ത്തീകരിക്കുന്നതിന് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിനു കാഴ്ചവയ്ക്കാന്‍ സാധിച്ചു, ഇനിയും ഇതേ നടപടി മുന്നോട്ടു കൊണ്ട് പോകുന്നതിനാണ് ഒരു അധികാര ഭരണ തുടര്‍ച്ച.

അതിപ്പോ വിഴിഞ്ഞമായാലും, മെട്രോ ആയാലും കണ്ണൂര്‍ വിമാനത്താവളമായാലും പല ഘട്ടങ്ങളില്‍ എതിര്‍പ്പ് പറഞ്ഞ എല്‍ ഡി എഫ് പക്ഷെ അവരുടെ മാനിഫെസ്റ്റൊയില്‍, ഇത്തരം പദ്ധതികള്‍ മുന്നോട്ടു കോണ്ടുപോകും എന്ന് പറഞ്ഞിട്ടുണ്ട്. താങ്കള്‍ വികസനം കരുതല്‍ എന്നൊക്കെ പറയുമ്പോള്‍ ഒരുപാട് പരിഹാസം കേട്ടിട്ടുണ്ട്. പക്ഷെ അത് തുടരെ തുടരെ പറഞ്ഞത്തിന്റെ ഭാഗമായിട്ട് ആര്‍ക്കും അതില്‍ നിന്നും മാറി നില്‍ക്കാന്‍ പറ്റാതായി എന്ന് വിചാരിക്കുന്നുണ്ടോ ?

എണ്‍പതുകളില്‍ കേരളത്തില്‍ എത്ര കംപ്യൂട്ടറുകള്‍ അടിച്ചു തകര്‍ത്തു. ആ സമരത്തിന് നേതൃത്വം കൊടുത്തവരുടെയൊക്കെ ഓഫീസുകളിലും വീട്ടിലുമൊക്കെ ഇപ്പൊ കംപ്യൂട്ടറും നെഞ്ചത്ത് ലപ്‌ടോപുമാണ്, പക്ഷെ നമ്മുടെ കുട്ടികളുടെ അവസരം നഷ്ടപ്പെട്ടു. ബാഗ്ലൂരിലേക്ക് ചെല്ലണം, അവിടുത്തെ ഐടി കമ്പനികളില്‍ 40 ശതമാനം മലയാളികളാണ്. അവര്‍ക്ക് ഇവിടിരുന്നു ജോലി ചെയ്യാമായിരുന്നു. ആന്ധ്രയിലും ചെന്നൈയിലും എല്ലാം സ്ഥിതി ഇതാ. ഇവര്‍ തീരുമാനങ്ങള്‍ മാറുമ്പോള്‍ നമുക്ക് നഷ്ട്ടമാണ്. ഇപ്പൊ വിഴിഞ്ഞം അവര്‍ നടപ്പിലാക്കുമെന്ന് പറയുന്നു. നല്ല കാര്യമാണ്. നമുക്ക് ആവശ്യമാണ്, പക്ഷെ അവര്‍ ആറായിരം കോടി രൂപ എനിക്കെതിരെ അഴിമതി ആരോപണം പിണറായി വിജയന്‍ ഉന്നയിച്ചതാണ് എന്നോര്‍ക്കണം. അപ്പൊ അവര്‍ എത്ര ലാഘവ ബുദ്ധിയോടെയാണ് അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ഇപ്പൊ ഈ പിണറായി വിജയന്‍ ആരോപണം പറയുമ്പോള്‍ വി എസ് ആരോപണം പറയുമ്പോഴും സി എമ്മിനെതിരെ കേസ് മന്ത്രിമാര്‍ക്കെതിരെ കേസ് എന്ന് പറഞ്ഞിട്ട് പ്രത്യേകിച്ചും താങ്കളെ ലക്ഷ്യമിട്ടാണ് വരുന്നത്. അപ്പുറത്തേയ്ക്ക് ആദ്യമേ തന്നെ അവിടെയുള്ള സ്ഥാനാര്‍ഥികളുടെ കേസുകളോ അല്ലെങ്കില്‍ ആരോപണങ്ങളോ പറയാന്‍ പരാജയപ്പെട്ടത് കൊണ്ടാണോ പ്രതിരോധത്തില്‍ ആയത്?

നമ്മളൊന്നും പ്രതിരോധത്തിലല്ല. ഞങ്ങളിപ്പോ മറ്റുള്ളവരുടെ ദൗര്‍ബല്യത്തേക്കാള്‍ ഞങ്ങളുടെ ശക്തിയില്‍ ആണ് വിശ്വസിക്കുന്നത്. യു ഡി എഫ് ഒറ്റ കെട്ടാണ്. 140 നിയോജകമണ്ഡലങ്ങളിലും, പാര്‍ട്ടി ചിഹ്നത്തില്‍ ആണ് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. ഇടതുപക്ഷത്തിന്റെ സ്ഥിതി എന്താ, എത്ര സ്വതന്ത്രന്‍മാരാ ആ മുന്നണിയിലെ ഒരു കക്ഷിയുമായിട്ടും ബന്ധമില്ലാത്ത എത്രപേര്‍ അവരുടെ സ്ഥാനാര്‍ഥികള്‍ ആയിട്ടുണ്ട്, ഇന്നിപ്പോ യെച്ചൂരി പറഞ്ഞിട്ടുണ്ട്, ഭരണം നിലനിര്‍ത്താന്‍ വേണ്ടി ബി ജെ പിയുടെ സഹായം കോണ്‍ഗ്രസ്സ് തേടുന്നു എന്ന്. ഭരണം നിലനിര്‍ത്താന്‍ യു ഡി എഫിന് ജനങ്ങളുടെ പിന്തുണയാണ് വേണ്ടത്. അതുണ്ട്. ഇപ്പൊ ഈ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഭരണവിരുദ്ധ വികാരം ഇവിടുണ്ടോ നിങ്ങള്‍ പറഞ്ഞെ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും താങ്കള്‍ക്ക് അറിയാമല്ലോ. ആ സര്‍ക്കാര്‍ തുടരുമോ ഇല്ലയോ എന്നൊരു നാല് സീറ്റിന്റെ വ്യത്യാസത്തില്‍ വന്നു. ഇപ്പോഴും താങ്കള്‍ പറയുന്നത് പോലെ വലിയൊരു ഭരണ വിരുദ്ധ വികാരമോ എതിര്‍പ്പൊ കാണുന്നില്ല. ഒപ്പത്തിനൊപ്പമുള്ള മത്സരമാണ് എന്ന് എല്ലാവരും വിലയിരുത്തുന്നു. അപ്പൊ കേരളത്തിന്റെ കള്‍ച്ചര്‍ മാറുന്നുണ്ട്, മാറി മാറിയുള്ള അഞ്ചു കൊല്ലം കള്‍ച്ചര്‍ മാറുന്നുണ്ട്. എന്നുള്ളതാണോ?

ഞങ്ങള്‍ക്ക് ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്, ജനങ്ങളുടെ പിന്തുണയേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളൂ. അതു വോട്ടായിട്ട് മാറും. നല്ല ഭൂരിപക്ഷത്തോടെ യു ഡി എഫ് ഭരണം നില നിര്‍ത്തും. യാതൊരു സംശയവും ഇല്ല.

ഇപ്പൊ ഈ ചൂട് വരുമ്പോള്‍ എല്ലാവരും പറയുന്നുണ്ട്, പുറത്തിറങ്ങി നടക്കുമ്പോള്‍, നമ്മള്‍ ഈ വയല്‍ നികത്തി കൊണ്ടിരുന്നതാണ് വലിയ പ്രശ്‌നമെന്ന്. താങ്കള്‍, ഈ സര്‍ക്കാരിന്റെ അവസാന സമയത്ത് പരിസ്ഥിതി വിരുദ്ധ തീരുമാനങ്ങളില്‍ ഒരുപാട് പഴി കേട്ട ആളാണ്. പക്ഷെ മാനിഫെസ്റ്റോയില്‍ കുന്നിടിക്കല്‍ തടയും തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കും ഒരുപാട് പറയുന്നുണ്ട്. ഒരു അനുഭവത്തില്‍ നിന്നാണോ പറയുന്നത്?

അവസാനം എടുത്ത തീരുമാനം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. നിങ്ങള്‍ ആ ഉത്തരവുകള്‍ ഒന്ന് വായിച്ചെ, ഒരിഞ്ചു ഭൂമി നികത്താന്‍ അനുവദിച്ചിട്ടുണ്ടോ എന്ന് ചോദിച്ചേ. ഇവിടെ മാധ്യമങ്ങള്‍ ഇല്ലാത്ത പ്രചരണങ്ങള്‍ നടത്തുകയല്ലെ? ഓഡര്‍ വായിച്ച് നോക്കിക്കേ. അതിന്റെ മുഴുവന്‍ ഉത്തരവോടുംകൂടി ലേഖനം എഴുതി. മെത്രാന്‍ കായല്‍, ഇടതുപക്ഷം കൊണ്ട് വന്ന പദ്ധതിയാണ്. ഇടതുപക്ഷത്തിന്റെ നാലാം വാര്‍ഷികത്തില്‍ അവര്‍ അനുമതി കൊടുത്ത പദ്ധതിയാണ്. ഇന്‍ പ്രിന്‍സിപ്പല്‍, അത് യു ഡി എഫിന്റെ കാലത്ത് വീണ്ടും വന്നു. കാരണം സര്‍ക്കാര്‍ അംഗീകാരം കൊടുത്തതല്ലേ. ഞങ്ങള്‍ നോ പറഞ്ഞു. അവര്‍ നോ പറഞ്ഞതിനുള്ള കാരണങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ട് പുതിയ പദ്ധതി തന്നു. അതായത് എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള അവരുടെ പദ്ധതി തന്നു. അനുമതി കൊടുക്കുമ്പോള്‍ അതിനകത്ത് വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. 2008ലെ നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ വ്യവസ്തകള്‍ക്ക് വിധേയമായും പരിസ്ഥിതി ക്ലിയറണ്‍സിനു വിധേയമായും മാത്രമേ അവിടെ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്.

പിന്നെന്തിനാണ് താങ്കള്‍ വ്യാജവാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നു എന്നൊരു ഉത്തരവ് അതിന്റെ പേരില്‍ ഇറക്കിയത്?

അത് തിരഞ്ഞെടുപ്പാ നമുക്കീ ആളുകളെ ബോധ്യപ്പെടുത്തെണ്ടാതായി വന്നതുകൊണ്ടാണ് നിങ്ങള്‍ അതൊന്നു വായിച്ച് നോക്കിയിട്ട് അതിനകത്ത് നിങ്ങള്‍ ഈ പറഞ്ഞ എതെങ്കിലുമുണ്ടോ എന്ന് നോക്കിക്കോ. ഞാന്‍ ഇത് നികത്താന്‍ അനുമതി കൊടുത്തിട്ടുണ്ടോ നിങ്ങള്‍ നോക്ക്, ഈ വ്യവസ്ഥകള്‍ക്ക് വിധേയം. പിന്നെ പറഞ്ഞ രണ്ടു മൂന്നു കേസുകള്‍ വന്നിട്ടുള്ളത് ഭൂപരിക്ഷ്‌ക്കരണ നിയമത്തിന്റെ പരിതിയ്ക്ക് ഇളവ് കൊടുക്കുക അത് ഭൂപരിക്ഷ്‌ക്കരണ നിയമം വന്നത് മുതല്‍ നിലവിലുള്ളതാണ്, ഒരു വ്യക്തിയ്‌ക്കോ ഒരു കമ്പനിയ്‌ക്കോ 15 ഏക്കറില്‍ കൂടുതല്‍ കൈവശം വയ്ക്കാന്‍ പാടില്ല. അപ്പൊ ഇന്ന് നമ്മുടെ നാട്ടിലുള്ള വ്യവസായ സ്ഥാപനങ്ങളൊക്കെ എങ്ങനെയാ കൈവശം വയ്ക്കുന്നത്, അവര്‍ക്കൊക്കെ ഇളവ് ഉണ്ട്. ഈ സര്‍ക്കാര്‍ ആ ഇളവ് വ്യവസ്ഥ വച്ചു ഇന്നുവരെയില്ലാത്ത കണ്ടീഷന്‍ വച്ച് അത് ഒരാളും പറയുന്നില്ലല്ലോ, ഈ സര്‍ക്കാര്‍ പരിധി വച്ചു, ഒരേക്കറിന് ഇളവ് വേണമെങ്കില്‍ 10 കോടിയുടെ നിക്ഷേപവും 20 പേര്‍ക്ക് ജോലിയും അല്ലാതെ നാളെ ഞാന്‍ ഒരു അപേക്ഷ അങ്ങോട്ട് കൊടുക്കുകയാ എനിക്ക് നൂറ് ഏക്കര്‍ വേണം.ഒരു പ്രോജക്റ്റ് നടപ്പിലാക്കാനാണ് എന്ന് പറഞ്ഞാല്‍ കൊടുക്കത്തില്ല. ഇന്നലെ വരെ വേണമെങ്കില്‍ കൊടുക്കാമായിരുന്നു. ഈ സര്‍ക്കാര്‍ വന്ന ശേഷം കൊടുക്കാന്‍ പറ്റത്തില്ല. അവിടെ 10 കോടിയുടെ നിക്ഷേപവും കാണിക്കണം. 20 പേര്‍ക്ക് ജോലി കിട്ടും എന്നുള്ളത് കാണിക്കണം. അങ്ങനെ കര്‍ക്കശമായ വ്യവസ്ഥ വരുത്തിയാണ് ഈ ഭൂപരിക്ഷ്‌ക്കരണ നിയമത്തിന്റെ പരിധിയില്‍ വ്യത്യാസം വരുന്നത്. അതിനകത്ത് ഒന്ന് പറ്റിയത് പറവൂര്‍ താലൂക്കിലേതില്‍ അവര്‍ സര്‍ക്കാരിനെ കബളിപ്പിച്ചു. അത് ഒരിക്കല്‍ അവര്‍ ഗവണ്‍മെണ്ടിനു അപേക്ഷ തന്നതും സര്‍ക്കാര്‍ നിരസിച്ചതും ഏറ്റെടുക്കണം എന്ന് പറയുകയും ചെയ്‌തതാണ്. എന്നാല്‍ സര്‍ക്കാര്‍ അത് ഏറ്റെടുത്തില്ല. ഇവര്‍ കമ്പനിയുടെ പേര് മാറ്റി, വേറെ പദ്ധതിയാക്കി. എന്നിട്ടവര്‍ അപേക്ഷ കൊടുത്തു. ആ അപേക്ഷയില്‍ ഇത് പഴയതാണ് എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് കൊടുത്ത് കഴിഞ്ഞ് ഫയലുകള്‍ മൂവ് ചെയ്ത് കഴിഞ്ഞപോള്‍ കാര്യം അറിഞ്ഞു. അന്നേരം അത് റദ്ദാക്കി, 40 വര്‍ഷമായി കേസ് നടക്കുന്ന കാര്യമാണ്. ആ കേസില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റവന്യു, ലോ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പരിശോധിച്ചിട്ട് തീരുമാനം എടുത്തതാണ്. ഇനിയിപ്പോ ആ തീരുമാനം കോടതിയില്‍ കിടക്കുകയാണ്. പിന്നെ കരുണ എസ്റ്റേറ്റ് നികുതിയടക്കാന്‍, അത് കോടതി വിധിയനുസരിച്ച് സര്‍വേ നടത്തി, സര്‍വേ നടത്തിയപ്പോ അതിനകത്ത് സര്‍ക്കാര്‍ ഭൂമിയില്ല എന്ന് ബോധ്യപ്പെട്ടു,അതിന്റെ സാഹചര്യത്തില്‍ അവരില നിന്നും നികുതി ഈടാക്കാം എന്ന് റവന്യുവും നികുതി വകുപ്പുകള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആണ് നികുതിയടയ്ക്കാന്‍ പറഞ്ഞത്. എന്നിട്ട് അതിന്റെ കൂടെ എഴുതി, ഇത് കോടതി വിധിയ്ക്കു വിധേയമായിട്ടയിരിക്കും എന്നും പറഞ്ഞു. എന്നിട്ട് എതിര്‍പ്പ് വന്നപ്പോള്‍ ഞങ്ങള്‍ എന്ത് ചെയ്തു കോടതി വിധി കൂടെ കഴിഞ്ഞിട്ട് എടുത്താല്‍ മതി എന്ന് വച്ചു. ടാക്‌സ് എടുക്കില്ല എന്ന് പറയാന്‍ സാധിക്കില്ല. എടുക്കില്ല എന്ന് പറഞ്ഞാല്‍ കോടതി വിധി അവര്‍ക്കനുകൂലമാകും, അന്നേരവും സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകും. അപ്പോള്‍ എതിര്‍പ്പു വന്നപ്പോള്‍ മാറ്റിയത് ഇതാണ് ഇവരുടെ എല്ലാ അവകാശങ്ങളും തെളിയിക്കണം ബാധ്യത സംബധിച്ച ഉള്ള രേഖകള്‍ കാണിക്കണം. എന്നിട്ട് കരമടക്കുക.

അങ്ങനെയുണ്ടെങ്കില്‍ അവര്‍ക്ക് പോയി കരമടച്ചാല്‍ മതി. സര്‍ക്കാര്‍ ഒരു ഉത്തരവിട്ടു കരമടക്കാന്‍ അതിലൂടെ വഴിയൊരുക്കി എന്നാണ് ആരോപണം കേട്ടത്?

ഇതൊക്കെ മാധ്യമങ്ങളില്‍ കൊടുക്കുന്നതാണ്. നിങ്ങള്‍ ഇതൊന്നും പഠിക്കാറില്ല.

ഞങ്ങള്‍ പഠിക്കുന്നില്ല. പക്ഷെ കെ പി സി സി പ്രസിഡണ്ട് അഭിപ്രായം പറഞ്ഞത് ഹോപ്പിനെതിരാണ് കരുണക്കെതിരാണ്?

അദ്ദേഹം കത്ത് തന്നിട്ടുണ്ട്. ആ കത്ത് പരിശോധിച്ച് ഞങ്ങള്‍ തീരുമാനം എടുത്തിട്ടുണ്ട്, സത്യമായിട്ടു ഒരു ബന്ധവും ഇല്ല. പണ്ടൊക്കെ മാധ്യമ പ്രവര്‍ത്തനത്തിന് ആധികാരികത ഉണ്ടായിരുന്നു, പറയുന്നത് ശരിയാണ് എന്ന് തെളിയിക്കണം എന്നുണ്ടായിരുന്നു. ഇപ്പോള്‍ അത് ഇല്ല. എങ്ങനെയെങ്കിലും ഒരു വാര്‍ത്ത കൊടുക്കണം. തെറ്റിപ്പോയാല്‍ തെറ്റ് പിന്നെ അതിനെ കുറിച്ച് നോട്ടമില്ല, ഞാനീപ്പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ പറഞ്ഞോ ഞാനതിന്റെ മുഴുവന്‍ ഉത്തരവും കാണിക്കാം. നിങ്ങള്‍ ഒന്ന് വായിച്ചു നോക്കിയാല്‍ മതി.

ഞങ്ങള്‍ക്ക് മാത്രമല്ലല്ലോ മാധ്യമങ്ങളെ കുറിച്ചുള്ള വിമര്‍ശനം. ഞാന്‍ മൊത്തത്തില്‍ അംഗീകരികേണ്ട ആളല്ല, എന്നാലും പക്ഷെ ഇതേ അഭിപ്രായം പറയുന്ന ആളുകള്‍ സ്വന്തം പാര്‍ട്ടിയിലുമുണ്ടല്ലോ അവര്‍ക്കെന്താ മനസിലാകാത്തത് സ്വന്തം സര്‍ക്കാര്‍ ചെയുന്ന കാര്യങ്ങള്‍?

ആ കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്

താങ്കളോടെന്താ മാധ്യമങ്ങള്‍ക്ക് ഇത്ര ദേഷ്യം?

മാധ്യമങ്ങളെ കുറിച്ച് ഞാന്‍ കൂടുതല്‍ പറയേണ്ടി വരും. ഏഷ്യാനെറ്റിനെ കുറിച്ചും പറയേണ്ടി വരും.

പറയൂ?

കൃത്രിമമായി കത്തുണ്ടാക്കി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞാല്‍ ഒരിക്കല്‍ ആ തെറ്റുകള്‍ പുറത്തു വരും.

ഇപ്പൊ രണ്ടു മാധ്യമങ്ങള്‍ക്ക് പരസ്യത്തിന്റെ പേരില്‍ ഉയര്‍ന്ന തുക കൊടുത്തു. മാധ്യമങ്ങളെ വിലയ്ക്ക് എടുക്കുന്നതാണ് എന്ന മട്ടില്‍ പ്രസ്സ് കൗണ്‍സിലില്‍ പരാതി പോയിട്ടുണ്ട്?

പിആര്‍ഡി എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ എന്ന് അറിയില്ല

ഗ്രൂപ്പ്, മുന്നണി, വേണ്ടപ്പെട്ടവര്‍, എല്ലാ പരിഗണന കൊടുത്തപ്പോള്‍ സ്ത്രീകള്‍ക്ക് എന്താ വേണ്ടത്ര പരിഗണന ഇല്ലാതിരുന്നത്? ഏഴുപേരല്ലേ ഉള്ളത്, സ്ത്രീകള്‍ ഇല്ല എന്നുണ്ടോ?

സ്ത്രീകള്‍ക്ക് അര്‍ഹമായിട്ടുള്ള പ്രാതിനിധ്യം കൊടുത്തിരിക്കും, ഇനിയും കൊടുക്കാന്‍ അവസരമുണ്ട്.

ഇത്തവണ ഏതായാലും വിജയമുറപ്പിച്ചു ഭരണ തുടര്‍ച്ചയ്ക്കു ഉറപ്പ് എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ലല്ലോ, അതൊരു വലിയ മാര്‍ജിനായിരിക്കുമോ?

ജനങ്ങള്‍ യു ഡി എഫിനെയും യു ഡി എഫിന്റെ നയപരിപാടികളെയും കഴിഞ്ഞ അഞ്ചുവര്‍ഷവും അംഗീകരിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ്, അതുകൊണ്ടാണ് ഭരണ വിരുദ്ധവികാരം ഇല്ലാത്തത്. പിന്നെ മത്സരിക്കുന്ന രണ്ടു പേരുടെയും വാദഗതികളോട് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു വിധത്തിലുമുള്ള അനുകമ്പയുമില്ല. ഇതാണ് ഒരു ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. എല്ലാത്തിനുമുപരി യു ഡി എഫിനകത്തെ ഐക്യമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.

'തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി. ബി ജെ പി ഇത്തവണ അക്കൗണ്ട് തുറക്കില്ല, പ്രതിപക്ഷത്തിന്റെ സ്വപ്നങ്ങള്‍ നടക്കില്ല, ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. വികസനമാണ് വേണ്ടത് എന്ന്. ഈ വിശ്വാസമാണ് ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ'