കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 82 ശതമാനത്തിലധികം പേരാണ് പശ്ചിമബംഗാളില്‍ ഇത്തവണ വോട്ടുചെയ്ത്. കൂച്ബിഹാറിലും കിഴക്കന്‍ മിഡ്നാപ്പൂരിലുമായിരുന്നു ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്. ഇനി ജനവിധി അറിയാന്‍ 14 ദിവസത്തെ കാത്തിരിപ്പ്. സങ്കീര്‍ണമായ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്കിടെയാണ് പശ്ചിമബംഗാള്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആറ് ഘട്ടങ്ങളിലായിയ പൂര്‍ത്തിയായത്.
ഏപ്രില്‍ നാലിന് ജംഗള്‍ മഹലില്‍ തുടങ്ങി കൂച്ബിഹാറിലും കിഴക്കന്‍ മിഡ്നാപ്പൂരിലുമായി വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ മണ്ണമായി ബംഗാള്‍ മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തില്‍ വലിയ വ്യത്യാസം ഉണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ സിപിഐ എമ്മും കോണ്‍ഗ്രസും കൈകോര്‍ത്ത അസാധാരണ രാഷ്‌ട്രീയ സാഹചര്യത്തിനും പശ്ചിമബംഗാള്‍ സാക്ഷിയായി.
വലിയ വിമര്‍ശനങ്ങളെ അതിജീവിച്ച് നിലവില്‍ സിപിഐ എം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ബംഗാള്‍ രാഷ്‌ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി. അനായാസവിജയം എന്ന് ആദ്യം കരുതിയ തൃണമൂലിനെ പിടിച്ചുകുലുക്കാന്‍ ഈ സഖ്യത്തിന് സാധിച്ചു. എന്നാല്‍ അത് തൃണമൂലിന്റെ പരാജയത്തില്‍ അവസാനിക്കുമോ എന്ന് ഉറപ്പിച്ചുപറയാനുമാകില്ല. ഒരുമാസത്തിലധികം നീണ്ട വോട്ടെടുപ്പിനിടെ ഏഴ് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഘര്‍ഷങ്ങളും ബംഗാള്‍ കണ്ടു.
ഓരോ ദിവസവും അഞ്ചും ആറും റാലികളില്‍ പങ്കെടുത്ത് മമത ബാനര്‍ജിയും ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സൂര്യകാന്ത് മിശ്രയും പ്രചരണരംഗത്ത് വാക്പോരുകള്‍ നടത്തി. തൃണമൂല്‍ വിരുദ്ധ വോട്ടുകളില്‍ കണ്ണുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തി. സോണിയാഗാന്ധിയും, രാഹുല്‍ ഗാന്ധിയും സിപിഐ എമ്മിന് വേണ്ടിയും സിപിഐ എം നേതാക്കള്‍ കോണ്‍ഗ്രസിനും വേണ്ടിയും വോട്ടുചോദിക്കുന്ന കാഴ്ചയും ബംഗാളിലുണ്ടായി. തൃണമൂല്‍ താഴെ വീഴുമെന്ന് ഇതുവരെ ഒരു സര്‍വ്വെയും പ്രവചിച്ചിട്ടില്ലെങ്കിലും ബംഗാളില്‍ സാഹചര്യം ഇത്തവണ പ്രവചനങ്ങള്‍ക്ക് അതീതമാണ്.
