ആദിവാസികള്‍ക്കിടയില്‍ ഇപ്പോഴും രാജഭരണം നില നില്‍ക്കുന്ന വിഭാഗമാണ് മന്നാന്‍. ഇടുക്കിലെ കട്ടപ്പനക്കടുത്ത് കോവില്‍മലയിലാണ് ഇവരുടെ ഇപ്പോഴത്തെ രാജാവായ രാമന്‍ രാജമന്നാനുള്ളത് ഇടുക്കിയില്‍ 46 സെറ്റില്‍മെന്‍റുകളാണ് മന്നാന്‍ വിഭാഗത്തിനുള്ളത്. ഇടുക്കിക്കു പുറമെ എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും ഓരോ കുടികളുണ്ട്. മൂവായിരത്തോളം കുടുംബങ്ങളിലായി പതനായിരത്തോളം വോട്ടര്‍മാരുണ്ടെന്നാണ് ഇവരുടെ കണക്ക്. തെരഞ്ഞെടുപ്പ് അടുത്തതോടെ ആദിവാസികളുടെ വോട്ടു നേടാന്‍ സ്ഥാനാര്‍ത്ഥികളൊക്കെ കോവില്‍മലയിലെത്തി രാജാവിനെ കാണുന്നുണ്ട്

എന്നാല്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്നത് ആദിവാസികളുടെ സ്വന്തം തീരുമാനത്തിനു വിടുകയാണ് പതിവ്. ഇത്തവണയും ഇക്കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ആദിവാസി രാജാവ് പറഞ്ഞു. നിമയസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കില്ല‍. ആദിവാസികള്‍ക്ക് അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് വോട്ടു രേഖപ്പെടുത്താമെന്നും ആദിവാസി രാജാവ് പറഞ്ഞു. കോവില്‍മലയില്‍ രാജാവിനായി കൊട്ടാരം പണിയാന്‍ 20 ലക്ഷം രൂപ ഈ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ആദിവാസികളുടെ ഉന്നമനത്തിനായുള്ള വിവിധ ആവശ്യങ്ങള്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഉന്നയിക്കുമെന്നും രാജാവ് പറഞ്ഞു.