പ്രചാരണം ശക്തിപ്രാപിക്കുമ്പോഴാണ് പിണറായി മലമ്പുഴയിലെത്തുന്നത്. മലമ്പുഴയില്‍ നാലാം അങ്കത്തിനിറങ്ങുന്ന വി.എസിന് വോട്ട് അഭ്യര്‍ത്ഥിച്ച് പിണറായി എന്ത് പറയുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ധര്‍മ്മടത്ത് പിണറായി വിജയന് വോട്ട് ചോദിച്ച് വി.എസ്സ് എത്തിയിരുന്നു. പിന്നാലെ താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന വി.എസിന്റെ അഭിമുഖ വിവാദവും ഉണ്ടായി. വി.എസ് പാര്‍ട്ടി വിരുദ്ധനാണെന്ന സംസ്ഥാന സമ്മേളനത്തിന് മുന്‍പുള്ള പ്രമേയം നില്‍നില്‍ക്കുമെന്ന് പറഞ്ഞ് പിണറായിയും വിവാദത്തിന് തിരിയിട്ടിരുന്നു. എന്നാല്‍ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇത് തണുപ്പിച്ചപ്പിച്ചതിനൊപ്പം മിതത്വം പാലിക്കണമെന്ന ഉപദേശവുമായി വി.എസ് മുന്നോട്ട് നീങ്ങി. വിവാദം മുറുകവെ മാധ്യമങ്ങളില്‍ നിന്ന് വിട്ടു നിന്ന പിണറായി പിന്നീട് മുഖാമുഖ പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായില്ല. രാവിലെ മുതല്‍ പാലക്കാട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പിണറായി വിജയന്‍ വൈകിട്ടാണ് മലമ്പുഴ മണ്ഡലത്തിലെ പുതു പരിയാരത്ത് പൊതുയോഗത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ മണ്ഡലത്തിലെ പൊതുയോഗത്തില്‍ വി.എസ്സ് പങ്കെടുക്കുന്നില്ല. നാലാം തിയതിയാണ് വി.എസ് ഇനി മലമ്പുഴയിലെത്തുക. അതിനിടെ ജില്ലയിലെത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മലമ്പുഴയില്‍ സജീവമാകാന്‍ താഴേത്തട്ടിലുള്ള കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. മണ്ഡലത്തില്‍ ശക്തമായ അടിയൊഴുക്കുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാതലത്തിലായിരുന്നു ഇത്. അടുത്ത ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പാലക്കാട് പ്രചാരണത്തിന് പാലക്കാട് എത്തുന്നുണ്ട്.