കുട്ടനാട്ടെ പ്രചരണ പരിപാടി കഴിഞ്ഞ് പന്ത്രണ്ട് മണിക്കാണ് ആലപ്പുഴ പ്രസ്സ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സ് നടത്താനിരുന്നത്. എന്നാല്‍ ഹരിപ്പാട് അടിയന്തര പാര്‍ട്ടിയോഗമുണ്ടെന്നും മീറ്റ് ദ പ്രസ്സിന് പിണറായി എത്തില്ലെന്നും രാവിലെ സിപിഐഎം ജില്ലാ നേതൃത്വം പ്രസ് ക്ലബ്ബ് ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഇന്നലെ പത്തനംതിട്ട പ്രസ്സ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സും പിണറായി വിജയന്‍ റദ്ദാക്കിയിരുന്നു.
വിഎസ് അച്യുതാനന്ദനെതിരായ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നെന്ന പിണറായിയുടെ പ്രസ്താവന ഇടതുമുന്നണിയ്ക്ക് വലിയ ദോഷം ചെയ്‌തെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കുറച്ചുകൂടി കരുതലോടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും പരക്കെ അഭിപ്രായമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇടയ്ക്കിടെ മാധ്യമങ്ങളെ കാണേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പിണറായി വിജയന്‍ എത്തിയതെന്നാണ് സൂചന.
പിണറായി തിരുവനനന്തപുരത്ത് മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് പാര്‍ട്ടിയെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ വന്നത്. ഇത് എതിരാളികള്‍ ഉപയോഗിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇനിയുമുണ്ടായാല്‍ അത് പാര്‍ട്ടിക്കും മുന്നണിക്കും വലിയ ക്ഷീണമുണ്ടാക്കുമെന്നും വിലയിരുത്തി.
തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി മുന്നോട്ട് പോകുമ്പോള്‍ മാധ്യമങ്ങളില്‍ വിഭാഗീയ ചുവയുണ്ടാക്കുന്ന പ്രസ്താവനകള്‍ ഇനി ഉണ്ടാവാതിരിക്കാന്‍ പാര്‍ട്ടി നേതൃത്വം ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് മുഖാമുഖം റദ്ദാക്കിയത്.
