കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ തെരഞ്ഞെടുപ്പ് കണക്കുകള്‍ തന്നെയാണ് ജാനുവിന്റെ ഈ ആത്മവിശ്വാസത്തിനടിസ്ഥാനം. മണ്ഡലത്തില്‍ യുഡിഎഫ് വിജയിച്ച 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയ വോട്ട് വെറും 8829 ആയിരുന്നെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് 18,918ലേക്ക് കുതിച്ച് കയറി. തീര്‍ന്നില്ല, മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ വന്‍കുതിപ്പ് നടത്തിയ ബിജെപിയും ബിഡിജെഎസും ചേര്‍ന്ന് പിടിച്ചത് മുപ്പതിനായിരത്തിനടുത്ത് വോട്ടുകളാണ്.

ഇതിന് പുറമെ ജാനുവിന് വ്യക്തിപരമായി മാത്രം പതിനായിരത്തിലധികം വോട്ടുകളാണ് എന്‍.ഡി.എ കണക്കുകൂട്ടുന്നത്. ഇത്തരത്തില്‍ 2011 മുതല്‍ നഷ്ടം മുഴുവനുണ്ടായതും കണക്കുകള്‍ ഭയപ്പെടുത്തുന്നതും യുഡിഎഫിനെയാണ്. എന്നാല്‍ കണക്കുകള്‍ മറന്നേക്കനാണ് യുഡിഎഫ് പറയുന്നത്. ജാനുവെത്തുന്നത് ബിജെപ്പിക്ക് തന്നെ തിരിച്ചടിയാകുമെന്നും, ജാനു മുന്നേറിയാല്‍ ചിതറുക പരമ്പരാഗത ഇടത് വോട്ടുകളായ പണിയ, ഈഴവ വോട്ടുകളാണെന്നുമാണ് കണക്ക് കൂട്ടല്‍.

തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍ സുരക്ഷിതമെന്ന് ഉറപ്പിക്കുന്ന ഇടത് മുന്നണിയും ജാനു ബിജെപ്പിക്കും ബിജെപി ജാനുവിനും തിരിച്ചടിയാകുമെന്ന ഉറപ്പിലാണ്. മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തികളായ ഈഴവ ചെട്ടി വോട്ടുകള്‍ ഇക്കാരണത്താല്‍ ബിജെപിക്കുള്ളില്‍ നിന്ന് തന്നെ ഭിന്നിക്കുമെന്ന കണക്ക് കൂട്ടുന്ന ഇടതിന് പക്ഷെ ഈ വോട്ടുകള്‍ എങ്ങോട്ട് പോകുമെന്നതിലാശങ്കയും, സ്ഥിതി വ്യത്യസ്തമാണെന്ന തിരിച്ചറിവുമുണ്ട്. ജനങ്ങള്‍ക്കിടയിലും ചര്‍ച്ച സജീവമാണ്. ചുരുക്കത്തില്‍ നിലവില്‍ കൈയിലുള്ള വോട്ടുകള്‍ മാത്രം ജാനുവും എന്‍.ഡി.എയും ഉറപ്പാക്കിയാല്‍ പോലും ചിത്രം മറ്റൊന്നാകും.