തിരുവനന്തപുരം: പാര്‍ട്ടിയിലേക്ക് തിരികെ വന്നെങ്കിലും എന്‍ഡിഎയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണവേദികളിലേക്കൊന്നും മുതിര്‍ന്ന നേതാവ് പി പി മുകുന്ദന് ക്ഷണമില്ല. പാര്‍ട്ടിയില്‍ മുകുന്ദന് സ്ഥാനമാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് കടുത്ത വിയോജിപ്പുണ്ടെന്നാണ് സൂചന. ഒ രാജഗോപാലിന്റെയും, കുമ്മനത്തിന്റെയും പ്രചാരണത്തില്‍ പേരിന് പങ്കെടുപ്പിച്ചതൊഴിച്ചാല്‍ മറ്റ് പ്രചാരണവേദികളിലേക്കൊന്നും പി പി മുകുന്ദന് ക്ഷണമില്ലായിരുന്നു.

പ്രധാനമന്ത്രിയുള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ കേരളത്തിലെത്തി പ്രചാരണരംഗത്ത് നിറഞ്ഞ് നിന്നിട്ടും ആവേദികളിലേക്കൊന്നും മുകുന്ദനെ അടുപ്പിച്ചില്ല. സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് പാര്‍ട്ടി ആവര്‍ത്തിക്കുമ്പോള്‍ മുതിര്‍‍ന്ന നേതാവിനെ അണിയറയ്ക്ക് പിന്നില്‍തന്നെയാണ് നിര്‍ത്തിയിരിക്കുന്നത്.

പാര്‍ട്ടിയിലേക്ക് തിരികെയെത്തിയ മുകുന്ദന് മാന്യമായ സ്ഥാനങ്ങള്‍ നല്‍കണമെന്ന് ആര്‍എസ്എസ്, ബിജെപി സംസ്ഥാന ഘടകത്തോടാവശ്യപ്പെട്ടിരുന്നു. പക്ഷേ അക്കാര്യം നേതൃത്വത്തിന്റെ പരിഗണനയില്‍ പോലുമില്ല. പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ ദിവസം ബിജെപി സംസ്ഥാന ഓഫീസില്‍ മുകുന്ദന് നേരെയുണ്ടായ അവഗണന ഇപ്പോഴും തുടരുന്നു എന്നുതന്നെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.