ആലപ്പുഴ: ഇരുമുന്നണികൾക്കും ഭീഷണിയാണ് അലപ്പുഴയില്‍ തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലെ ഫലമനുസരിച്ച് ഏഴ് മണ്ഡലങ്ങലിൽ എൽഡിഎഫാണ് മുന്നിൽ.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന് ജില്ലയില്‍ കിട്ടിയത് വെറും രണ്ട് സീറ്റ്. ചെന്നിത്തലയിലൂടെ ഹരിപ്പാടും വിഷ്ണുനാഥിലൂടെ ചെങ്ങന്നൂരും.

ഇത്തവണ ആലപ്പുഴയില്‍ എന്തായിരിക്കും ചിത്രം എന്ന് ഏവരും ഉറ്റുനോക്കുന്നു. എസ്എന്‍ഡിപിയോഗത്തിന്‍റെ നേതൃത്വത്തില്‍ ബിഡിജെഎസ് എന്ന പാര്‍ട്ടി രൂപം കൊണ്ട ആലപ്പുഴയിലെ മണ്ണില്‍ ആ വോട്ടുകള്‍ ആരെ വീഴ്ത്തുമെന്ന് കണ്ടുതന്നെ അറിയണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ കണക്ക് യുഡിഎഫ് ഓര്‍ക്കാനാഗ്രഹിക്കുന്നില്ല. 

കാരണം ഹരിപ്പാട് മാത്രമാണ് ആ കണക്ക് വെച്ച് നോക്കിയാല്‍ യുഡിഎഫിനെ സഹായിക്കുക. ചെങ്ങന്നൂരും കുട്ടനാടും മാത്രമാണ് പിന്നെ ചെറിയൊരാശ്വാസം. പക്ഷേ അവിടെയും ഇടതുമുന്നണിയും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഇത്തവണ ഹരിപ്പാടും ചെങ്ങന്നൂരും കൂടാതെ കായംകുളം കൂടി ഇടതുമുന്നണിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെര‍ഞ്ഞെടുപ്പിലെ കണക്ക് പരിശോധിച്ചാല്‍ ആലപ്പുഴ ജില്ലയില്‍ യുഡിഎഫ് തകര്‍ന്ന് തരിപ്പണമാവും. എന്നാൽ ലോക്സഭ തെര‍ഞ്ഞെടുപ്പിലെ കണക്കുകൾ യുഡിഎഫിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ പ്രചാരണവേദികളെ പ്രസംഗങ്ങളില്‍ ജില്ലയിലെ യുഡിഎഫ് നേതാക്കള്‍ പറയാനാഗ്രഹിക്കുന്നത് കഴിഞ്ഞ പാര്‍ലിമെന്‍റ് തെരെഞ്ഞെടുപ്പിലെ വോട്ടിംഗ് നിലയാണ്.