തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‍നാട്ടില്‍ പണമൊഴുകുന്നു. 11 വരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയില്‍ പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 22 കോടി രൂപ. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍നിന്ന് പിടിച്ചെടുത്ത തുകയിലും അധികമാണ് തമിഴ്‍നാട്ടില്‍നിന്ന് മാത്രം പിടിച്ചെടുത്ത പണം. പണമൊഴുക്കിയും സമ്മാനങ്ങള്‍ നല്‍കിയും വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതില്‍ പ്രമുഖ പാര്‍ട്ടികളെല്ലാം മുന്നില്‍ തന്നെയാണ്.

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ ഇനി നേതാക്കളുടെ പൊതുപരിപാടികളുമായി തെരഞ്ഞെടുപ്പ് രംഗം സജീവമായി. ഒരു പൊതു സമ്മേളനത്തിന് വരാന്‍ പുരുഷന്‍മാര്‍ക്ക് 300രൂപയും സ്‌ത്രീകള്‍ക്ക് 250 രൂപയുമാണ് ചിലവ്. ബിരിയാണിയും മദ്യവും വേറെ.അതിന് പുറമെയാണ് പണമായും സാധനങ്ങലുമായും രാഷ്‌ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ ആക‍ര്‍ഷക്കുന്നത്. തമിഴ്‍നാട്ടില്‍ പണമൊഴുകുമന്ന മുന്‍ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കര്‍ശന പരിശധനയിലാണ് 21.85 കോടിരൂപ പിടികൂടയിത്. അത് കൂടാതെ രാഷ്‌ട്രീയ നേതാക്കളുടെ ചിത്രം പതിച്ച കൊലുസ്, പാത്രങ്ങള്‍ പിന്നെ സ്വര്‍ണ്ണം മദ്യം, വാറ്റ് ചാരായം, 10,000 കിലോ പാമയില്‍ വരെ കഴിഞ്ഞ ദിവസം തഞ്ചാവൂരിലെ പാട്ടുകോട്ടയില്‍നിന്ന് പിടികൂടിയിരുന്നു. മൊബൈല്‍ ഫോണുകളും സ്റ്റൗവും സാരിയും മുണ്ടും അരിച്ചാക്കുകളും അങ്ങനെ പോകുന്നു പട്ടിക. ഇത് നേരിട്ട് നല്‍കുന്നവ. ചെറിയ സ്വര്‍ണ്ണ പണയങ്ങളും മറ്റും തീര്‍ത്തുകൊടുക്കുന്നതാണ് മറ്റൊരു ഏര്‍പ്പാട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ 22 കോടി രൂപ കമ്മിഷന്‍ പിടിച്ചിരിക്കുന്നു. കമ്മീഷന്റെ കണ്ണില്‍പ്പെടാതെ ഒഴുകിയ കോടികള്‍ വേറെ.