ആലപ്പുഴ: കുട്ടനാട്ടില്‍ ഹാട്രിക്ക് വിജയംതേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടി.എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും പ്രചാരണത്തില്‍ അവസാനഘട്ടത്തില്‍ ഒപ്പത്തിനൊപ്പമാണ്. ബിജെപി ശക്തമായി മല്‍സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മല്‍സരമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗവും കുട്ടനാട്ടിലായിരുന്നു,

ഏറ്റവും ശക്തമായ ത്രികോണമല്‍സരം നടക്കുന്ന ആലപ്പുഴയിലെ മണ്ഡലമാണ് കുട്ടനാട്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടി, യുഡിഎഫ് സ്ഥാനാര്‍ത്ഥി ജേക്കബ് എബ്രഹാം.എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസു.എന്നിവര്‍ കുട്ടനാട്ടില്‍ വിജയക്കൊടിപ്പാറിക്കാന്‍ മല്‍സരിക്കുമ്പോള്‍ ജോസ് കോയിപ്പള്ളി വിമതനായി മണ്ഡലത്തില്‍ ശക്തമായി പ്രചരണം നടത്തുന്നു. ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ചിത്രമാണ് കുട്ടനാട്ടിലേത്. മണ്ഡലത്തിലെ ഇടതുവോട്ടുകള്‍ പരമാവധി സമാഹരിച്ച് വിജയം ആവര്‍ത്തിക്കാമെന്നാണ് തോമസ് ചാണ്ടിയുടെ കണക്കുകൂട്ടല്‍.

എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിഡിജെഎസ് നേതാവ് സുഭാഷ് വാസു പിടിക്കുന്ന ഈഴവ വോട്ടുകളെയാണ് തോമസ് ചാണ്ടിക്ക് പേടി. പക്ഷേ യുഡിഎഫ് വിമതന്‍ ജോസ് കോയിപ്പള്ളി യുഡിഎഫിന്റെ പരമാവധി വോട്ടുപിടിച്ചാല്‍ ഈ ക്ഷീണം തീര്‍ക്കാമെന്നാണ് തോമസ് ചാണ്ടി കരുതുന്നത്. എന്നാല്‍ മണ്ഡലത്തിലെ ഈഴവ വോട്ടുകളിലേറെയും ഇടതുവോട്ടുകളാണെന്നും അതിലുണ്ടാകുന്ന വിള്ളല്‍ തനിക്ക് വിജയം സമ്മാനിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ജേക്കബ് എബ്രഹാമും കണക്കുകൂട്ടുന്നുണ്ട്.

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മണ്ഡലത്തില്‍ ഒരു അട്ടിമറിയാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി കൂടി സുഭാഷ് വാസുവിന് വേണ്ടി വോട്ട് ചോദിച്ച് മണ്ഡലത്തിലെത്തിയതിന്‍റെ ആവേശത്തിലാണ് എന്‍ഡിഎ ക്യാമ്പ്. കുട്ടനാട്ടിലെ അടിയൊഴുക്ക് എന്തായിരിക്കുമെന്ന് ഇനിയും പ്രവചിക്കാന്‍ കഴിയില്ല.