Asianet News MalayalamAsianet News Malayalam

യുഡിഎഫിന് തലവേദനയായി വിമതര്‍

Threat of rebels against UDF
Author
Thiruvananthapuram, First Published May 2, 2016, 12:48 PM IST

തിരുവനന്തപുരം: പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോൾ യുഡിഎഫിന് വെല്ലുവിളികളുമായി വിമതർ. സംസ്ഥാനത്താകെ എട്ട് വിമതർ മത്സരംഗത്തുണ്ട്. ഏറ്റവും കൂടുതൽ വിമതരുള്ളത് കണ്ണൂരിലാണ്.  കോൺഗ്രസ് മുൻ എം.എൽ.എ ശോഭന ജോർജ്ജടക്കമുള്ള പ്രമുഖരാണ് വിമതരായി രംഗത്തുള്ളത്. ചെങ്ങന്നൂരിൽ പിസി വിഷ്ണുനാഥിനെതിരെയാണ് വിമതരിൽ പ്രമുഖയായ ശോഭന ജോർജ്ജ് മത്സരിക്കുന്നത്. ഓർത്തഡോക്സ് വിഭാഗത്തിലെ വോട്ടുകൾ സമാഹരിക്കുമെന്ന്കരുതുന്ന ശോഭന ഒരു വെല്ലുവിളി തന്നെയാണ്.

നാലാം വട്ടവും ജനവിധി തേടുന്ന ഡൊമനിക് പ്രസന്റേഷനെതിരെയും വിമതന്‍ രംഗത്തുണ്ട്. കോൺഗ്രസ് പ്രാദേശിക നേതാവും ചെല്ലാനം മുൻപഞ്ചായത്ത് പ്രസിഡന്റുമായ കെ.ജെ ലീനസിനെയാണ് വിമതനാക്കി രംഗത്തെത്തിച്ചിരിക്കുന്നത്. ഡൊമനിക്കിനെതിരെ മണ്ഡലത്തിൽ ഉയർന്ന പ്രതിഷേധമാണ് വിമത സ്ഥാനാര്‍ത്ഥിക്കു കാരണം. പ്രാദേശികമായി കോൺഗ്രസിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോരുകളും സ്ഥാനാർത്ഥിക്കെതിരായ പ്രതിഷേധവുമെല്ലാം വോട്ടായി മാറിയാൽ ലീനസും കടുത്ത പ്രശ്നമായിമാറും യുഡിഎഫിന്.

ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് എം.സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടനെതിരെ കൊഴുവനാൽ മുൻപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജോസ് മോൻ മുണ്ടയ്ക്കലാണ് വിമതനാകുന്നത്. പത്രിക പിൻവലിക്കാനുള്ള സമയം പിന്നിട്ടപ്പോഴും ഇവർ പ്രചാരണവുമായി രംഗത്തുണ്ട്. നാല് വിമതരുള്ള കണ്ണൂരിലാണ് യുഡിഎഫിന് വിമത ശല്യം ഏറെയുള്ളത്. അഴീക്കോട് മത്സരിക്കുന്ന കോർപ്പറേഷൻ കൗൺസിലർ പി.കെ രാഗേഷ് ആണ് കണ്ണൂരിലെ വിമതരില്‍ പ്രമുഖൻ. വിമതരെ ഉണ്ടാക്കിയത് നേതൃത്വമാണെന്നും ശക്തമായ തിരിച്ചടി തെരഞ്ഞെടുപ്പിൽ നൽകുമെന്നുമാണ് ഇവർ പറയുന്നത്.

എട്ടാം തവണ ജനവിധിതേടുന്ന കെ.സി ജോസഫിനെതിരെ ഇരിക്കൂറിൽ ബിനോയ് തോമസും, പേരാവൂരിൽ സണ്ണി ജോസഫിനെതിരെ കർഷക കോൺഗ്ര്സ മുൻ സംസ്ഥാന സെക്രട്ടറി കെ.ജെ ജോസഫും, കണ്ണൂരിൽ സതീശൻ പാച്ചേനിക്കെതിരെ എൻപി സത്താറുമാണ് മത്സരരംഗത്തുള്ളത്.നിസ്സാര വോട്ടുകൾക്ക് വിജയിച്ച മണ്ഡലങ്ങളിൽ വിമതരുടെ സാന്നിധ്യം യുഡിഎഫിന് കനത്ത് വെല്ലുവിളിയാകുമെന്നതിൽ തർക്കമുണ്ടാകില്ല.

Follow Us:
Download App:
  • android
  • ios