മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നാമനിര്‍ദ്ദേശ പത്രികകള്‍ക്കെതിരെ പരാതി ഉയര്‍ന്നെങ്കിലും പത്രികകള്‍ സ്വീകരിച്ചു. നീണ്ട തര്‍ക്കത്തിനൊടുവില്‍ മന്ത്രി പികെ ജയലക്ഷ്‍മിയുടെ പത്രികയും സ്വീകരിച്ചു.

സൂക്ഷ്‍മ പരിശോധനാ ദിവസം പരാതികളുടെ പ്രളയമായിരുന്നു. സ്വത്തു വിവരങ്ങള്‍ മറച്ചുവെച്ചന്നാണ് ഉമ്മന്‍ചാണ്ടിക്കും വിഎസ്സിനുമെതിരെ എതിരാളികളുടെ പരാതി. 51 സെന്റ് കാര്‍ഷിക ഭൂമിയുള്ള വിവരം മുഖ്യമന്ത്രി മറച്ചുവെച്ചെന്നാണ് വിവരാവകാശ രേഖ സഹിതം എല്‍ഡിഎഫിന്റെ പരാതി. പത്രിക തള്ളണമെന്ന ആവശ്യം നിരാകരിച്ച വരണാധികാരി മുഖ്യമന്ത്രിയുടെ പത്രികയും എല്‍ഡിഎഫിന്റെ പരാതിയും സ്വകരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് ഇടത് നീക്കം. തിരുവനന്തപുരം വഞ്ചിയൂരില്‍ വിഎസിന്റെ പേരിലുളള 25 സെന്റ് ഭൂമിയുടെ വിവരം മറച്ചുവെച്ചെന്നാണ് മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയിയുടെ പരാതി. എന്നാല്‍ വിഎസ്സിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. കോടതിയെ സമീപിക്കാനാണ് യുഡിഎഫ് നീക്കം. നീണ്ട തര്‍ക്കത്തിനൊടുവിലാണ് മന്ത്രി പികെ ജയലക്ഷ്മിയുടെ പത്രിക സ്വീകരിച്ചത്. എന്നാല്‍ മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയില്‍ മാനന്തവാടി സബ് കലക്ടറുടെ റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

സംവരണാനുകൂല്യത്തിനെതിരായ ഇടത് മുന്നണിയുടെ പരാതി തള്ളിക്കൊണ്ട് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ഷാജുവിന്റെ പത്രിക സ്വീകരിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അടൂര്‍ മോഹന്‍ദാസ് മത്സരത്തില്‍നിന്ന് പിന്മാറുമെന്ന് അറിയിച്ചു. വട്ടിയൂര്‍കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ സ്വത്ത് വിവരം മറച്ചുവെച്ചുവെന്നും പത്രിക തള്ളണമെന്നുമുള്ള ബിജെപിയുടെ പരാതി വരണാധികാരി തള്ളി.