കൂടെ ആയുധധാരികളായ കമാന്‍ഡോകള്‍. ഒരു പ്രചരണ വേദിയില്‍ നിന്ന് അടുത്തതിലേക്ക് പറക്കാന്‍ ഹെലികോപ്ടര്‍. വെള്ളാപ്പള്ളി നടേശന്‍ ഇക്കുറി തെരെഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുകയ ഉത്തേരന്ത്യന്‍ നേതാക്കളുടെ സ്‌റ്റൈലിലാകും. ഹെലികോപ്റ്റര്‍ വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തന്നാല്‍ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രധാനമന്ത്രി നേരന്ദ്രമോദിയും അമിത്ഷായും കേരളത്തില്‍ പ്രചരണത്തിലെത്തുമ്പോള്‍ ആവശ്യപ്പെട്ടാല്‍ കൂടെ പോകും. ഈ മാസം മുപ്പത് മുതല്‍ പ്രചരണത്തിന് ഇറങ്ങണം എന്നാണ് ഉദ്ദേശിക്കുന്നത്. ബിജെപിക്കൊപ്പം സംസ്ഥാനത്ത് ബിഡിജെഎസും അക്കൗണ്ട് തുറക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന്‍ ജയിക്കുമായിരിക്കും, പക്ഷേ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉണ്ടാവില്ല. മൈക്രോഫിനാന്‍സിനെതിരെ വിഎസ് സ്വീകരിച്ച നിലപാടിന് അവിടുത്തെ ജനങ്ങള്‍ മറുപടി കൊടുക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ ഏഷ്യാനെറ്റ്‌ന്യൂസിനോട് പറഞ്ഞു.