വിഴുപുരം ജില്ലയിലെ ഉളുന്തൂര്‍പേട്ടില്‍ ഡിഎംഡികെ അദ്ധ്യക്ഷനും തമിഴ് സിനിമ സൂപ്പര്‍ താരവുമായ വിജയകാന്ത് കടുത്ത ത്രികോണ മത്സരമാണ് നേരിടുന്നത്. തന്റെ സിനിമകള്‍ ഹിറ്റാക്കി മാറ്റിയിട്ടുള്ള വിഴുപുരം ജില്ല, തെരഞ്ഞെടുപ്പും ഹിറ്റാക്കുമെന്ന പ്രതീക്ഷയിലാണ് വിജയകാന്ത്. കഴിഞ്ഞ രണ്ട് തവണയും എഐഎഡിഎംകെയുടെ കുമരഗുരുവായിരുന്നു മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇതു വിജയകാന്തിന് ശക്തമായ വെല്ലുവിളിയാണ്. കുമരഗുരു തന്നെയാണ് ഇത്തവണയും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി.
ആത്മവിശ്വാസം ചോരാതെയാണ് വിജയകാന്ത് മത്സരരംഗത്ത് തുടരുന്നത്. ഇതുവരെ ആരും കേട്ടിട്ടില്ലാത്ത സ്ഥലമായ ഉളുന്തൂർപേട്ട് താന്‍ തെരഞ്ഞെടുപ്പ് മത്സരത്തിനായി വന്നതോടെ പ്രശസ്തമായെന്നാണ് താരം പറയുന്നത്. താരമെന്നതിനു പുറമെ ആരാധകരുടെ ക്യാപ്റ്റനെ അടുത്ത് കിട്ടിയ സന്തോഷത്തിലുമാണ് നാട്ടുകാര്‍. കണ്ണാടി ഊരാമോയെന്ന ആവശ്യം അംഗികരിച്ചും ആഗ്രഹങ്ങള്‍ക്കനിസരിച്ചും ക്യാപ്റ്റന്‍ നിന്നുകൊടുത്ത് ആരാധകരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുകയാണ്.
വിഴുപുരം ജില്ലയിലെ റിഷിവന്ധ്യത്തില്‍ രണ്ടാം അങ്കത്തിനില്ലെന്ന തീരുമാനിച്ച വിജയകാന്ത് ദൂരെയെങ്ങും പോകാതെ തൊട്ടടുത്തുള്ള ഉളുന്തൂര്‍പേട്ടാണ് തിരഞ്ഞെടുത്തത്. നെല്ലും കരിന്പും കൃഷിചെയ്ത് ജീവിക്കുന്ന സാധാരണ കര്‍ഷകരുടെ ഗ്രാമങ്ങള്‍ ചേര്‍ന്ന പ്രദേശമാണ് ഉളുന്തൂര്‍പേട്ട്. ഇവിടെ ആദ്യമായി ഒരു താരം സ്ഥാനാര്‍ത്ഥിയായി എത്തിയതിന്റെ ആവേശത്തിലാണ് ജനങ്ങള്‍. ഒരു ദിവസം 12 പോയിന്റില്‍ പ്രചരണം നടത്തണമെന്ന ലക്ഷ്യവുമായി എത്തിയ വിജയകാന്ത് മിനിറ്റുകള്‍ മാത്രമാണ് ഓരോയിടത്തും ചിലവിടുന്നത്.
കഴിഞ്ഞ രണ്ട് വട്ടവും എഐഎഡിഎംകെയെ പിന്തുണച്ച ഉളുന്തൂര്‍പേട്ട് അതിന് മുന്പ് ഡിഎംകെക്ക് ഒപ്പമാണ് നിന്നത്. ചരിത്രം മാറ്റി എഴുതുകയെന്ന കടന്പയാണ് വിജയകാന്തിന് മുന്നിലുള്ളത്.
