തിരുവനന്തപുരം: രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്ത് വിഎസ് പുറത്തുവിട്ടതിന് മറുപടിയായി സിപിഐഎം സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ്. അച്യുതാനന്ദന്‍ പി.ബി. കമ്മീഷന് അയച്ച കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല. കത്തില്‍ പറയുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് വി.എസ്. വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പുറത്തുവിട്ട കത്ത് രമേശിന്റേതല്ലെങ്കില്‍ ഉറവിടത്തെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറുണ്ടോ എന്ന് വിഎസ് ചോദിച്ചു

കത്തിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദനും രമേശ് ചെന്നിത്തലയും തമ്മിലുള്ള പോര് മുറുകുകയാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ച കത്ത് ഇന്നലെ പുറത്തുവിട്ട വി.എസാണ് പോരിന് തുടക്കമിട്ടത്. ഇതിന് രമേശ് ചെന്നിത്തല മറുപടി നല്‍കിയത് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ്. പിബി കമ്മീഷന് അയച്ച കത്ത് പുറത്തുവിട്ടുകൊണ്ടാണ്. 

ടി.പി. വധക്കേസിലെ കുറ്റവാളികളെ പാര്‍ട്ടി സംരക്ഷിക്കുന്നെന്നും പിണറായി വിജയന് വലതുപക്ഷ വ്യതിയാനം ഉണ്ടായെന്നും പാര്‍ട്ടി നേതൃത്വത്തിന്റെ അഹങ്കാരം മൂലം ഇടതുമുന്നണി വിഘടിച്ചെന്നുമൊക്കെ പറയുന്ന വി.എസിന്റെ കത്താണ് ചെന്നിത്തല ഇന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കമാന്റിന് താന്‍ കത്തയച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എങ്കില്‍ ഈ കത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. കത്തിന്റെ പേരില്‍ വി.എസും ചെന്നിത്തലയും തമ്മിലുള്ള തര്‍ക്കം വരും ദിവസങ്ങളിലും തുടരുമെന്ന് വ്യക്തം.