പാലക്കാട്: മലമ്പുഴയില്‍ പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ അവസാന ഘട്ട പ്രചാരണം . സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കുടുംബ യോഗങ്ങളിലും വി.എസ് ഉയര്‍ത്തുന്നത്. രാവിലെ മൂന്ന് കുടുംബ യോഗങ്ങളിലാണ് വി.എസ് പങ്കെടുത്തത്. ചൂട് കനത്തതിനാല്‍ ബാക്കിയുള്ള യോഗങ്ങളെല്ലാം നിശ്ചയിച്ചത് ഉച്ചതിരിഞ്ഞ്. എല്ലായിടത്തും കുട്ടികളും സ്‌ത്രീകളും അടങ്ങുന്ന വലിയ ജനക്കൂട്ടം തന്നെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കേള്‍ക്കാനെത്തുന്നു.
മലമ്പുഴയില്‍ വി.എസ് നടപ്പാക്കിയ വികസന കാര്യങ്ങള്‍ പറയുന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ. പ്രഭാകരനാണ്. വി.എസിന്റെ പ്രസംഗം പ്രധാനമായും കേരളത്തിലെ മറ്റ് വിഷയങ്ങളാണ്.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിക്കെതിരെ കേസ് കൊടുത്തതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പതിവ് ശൈലിയില്‍ പ്രസംഗം. കുടുംബ യോഗങ്ങളില്‍ എസ്.എസ്.എല്‍ സി പരീക്ഷക്ക് ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുന്നു.
വി.എസിനൊപ്പം സെല്‍ഫിക്കായി സ്‌ത്രീകളും കുട്ടികളുമെത്തുന്നു. ആരെയും നിരാശരാക്കാതെ പുഞ്ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്ത് അടുത്ത പ്രചാരണ യോഗത്തിലേക്ക്. ഡിവൈഎഫ് ഐ സംഘടിപ്പിച്ച യുവ വോട്ടര്‍മാരുടെ സംഗമത്തിലും വി.എസ് പങ്കെടുത്തു. ഏഴാം തിയ്യതി ഒഴികെയുള്ള ദിവസങ്ങളിലെല്ലാം മണ്ഡലത്തില്‍ തുടരാനാണ് വി.എസിന്റെ തീരുമാനം. ഒരു ദിവസം എട്ടുമുതല്‍ 10 വരെ ചെറുതും വലുതുമായ യോഗങ്ങളിലാണ് വി.എസ് പങ്കെടുക്കുന്നത്.
