ആലപ്പുഴ: ഒടുവില്‍ ജി സുധാകരന് വോട്ട് തേടി വിഎസ് അച്യുതാനന്ദന്‍ അമ്പലപ്പുഴയില്‍ എത്തുന്നു. വൈകീട്ട് അഞ്ചിന് ആലപ്പുഴയിലെ പറവൂരിലാണ് പൊതുയോഗം. നേരത്തെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ കണ്‍വെന്‍ഷനുകളില്‍ വിഎസ് എത്തിയ ദിവസം അമ്പലപ്പുഴയിലും പങ്കെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചില്ലെങ്കിലും വിഎസ് അമ്പലപ്പുഴയില്‍ മാത്രം എത്തിയിരുന്നില്ല. വിഎസ് അമ്പലപ്പുഴയില്‍ എത്താത്തത് മണ്ഡലത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചതിനെത്തുടര്‍ന്നാണ് വിഎസ് വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായത്.

ഏപ്രില്‍ മാസം മൂന്നാം തീയ്യതായിരുന്നു അരൂര്‍ ആലപ്പുഴ മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യാന്‍ വിഎസ് ആലപ്പുഴയിലെത്തിയത്. അന്നേദിവസം തന്നെ ജി സുധാകരന്‍ മല്‍സരിക്കുന്ന അമ്പലപ്പുഴയിലെ കണ്‍വെന്‍ഷനും വിഎസ് തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ വിഎസ് വരില്ലെന്ന് നിലപാട് എടുത്തതോടെ ജി സുധാകരന്‍റെ കണ്‍വെന്‍ഷന്‍ മാറ്റി വെക്കുകയും ജില്ലയിലെ മറ്റ് കണ്‍വെന്‍ഷനുകള്‍ വിഎസ് പങ്കെടുത്തുകൊണ്ട് നടക്കുകയും ചെയ്തു.

ജി സുധാകരന്‍ മല്‍സരിക്കുന്ന അമ്പലപ്പുഴ കണ്‍വെന്‍ഷന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനനം ചെയ്തത്. പാര്‍ട്ടി സംസ്ഥാന സമ്മേളനം ആലപ്പുഴ നടക്കുന്നതിനിടെയും ആലപ്പുഴയിലെ ഒരു സ്കൂളിലെ പൊതുപരിപാടിയിലും ജി സുധാകരന്‍ വിഎസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിഎസിന് വേണ്ടി ജയ് വിളിക്കുന്നവര‍് കള്ളുകുടിയന്‍മാര്‍ ആണെന്നുവരെ ആക്ഷേപിച്ചു. ഇതായിരുന്നു വിഎസിനെ ചൊടിപ്പിച്ചത്.

വിഎസിന്‍റെ വീടുള്‍പ്പെടുന്ന മണ്ഡലമായ അമ്പലപ്പുഴയില്‍ മാത്രം വിഎസ് എത്തിയില്ലെങ്കില്‍ അത് വലിയ പ്രശ്നമാകുമെന്ന് പാര്‍ട്ടി നേതൃത്വം മനസ്സിലാക്കി. ഇതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് വിഎസിനെ മയപ്പെടുത്തിയത്.ഇനി ഇന്ന് നടക്കുന്ന പൊതുയോഗത്തില്‍ വിഎസ് എന്ത് പ്രസംഗിക്കും എന്നറിയാനും ഏവര്‍ക്കും കൗതുകമുണ്ട്. ഏതായാലും വിഎസ് അമ്പലപ്പുഴയില്‍ എത്തുന്നതോടുകൂടി ഇവിടുത്തെ വിഎസ് അനുകൂലികള്‍ ജി സുധാകരന് വേണ്ടി മണ്ഡലത്തില്‍ സജീവമാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.