നിരവധി പ്രവചനങ്ങൾക്കൊടുവിൽ, സോഷ്യൽ മീഡിയയിലെ തുറന്നുപറച്ചിലുകളിലൂടെ ശ്രദ്ധേയയും വിവാദങ്ങളിൽ ഇടംപിടിച്ചയാളുമായ ശ്രീലക്ഷ്മി അറയ്ക്കൽ ബിഗ് ബോസ് മലയാളം സീസൺ 8-ൽ മത്സരാർത്ഥിയായി എത്തിയിരിക്കുന്നു

ബിഗ് ബോസ് മലയാളം സീസണുകളില്‍ പ്രൊഡിക്ഷന്‍ ലിസ്റ്റുകളില്‍ പലപ്പോഴും വന്നുപോയിട്ടുള്ള പേരാണ് ശ്രീലക്ഷ്മി അറക്കലിന്റേത്. ഒരുപക്ഷേ ബിഗ് ബോസ് ടീം അവരെ സമീപിച്ചിട്ടുമുണ്ടാകാം. എന്നാൽ കഴിഞ്ഞ ഏഴ് സീസൺ വരെ ആ എൻട്രി ഹൗസിൽ നടന്നില്ല. ഏറ്റവും ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ ശ്രീലക്ഷ്മി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ തുറന്നുപറച്ചിലുകള്‍ കൊണ്ട് പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പാത്രമായിട്ടുള്ള ശ്രീലക്ഷ്മിയുടെ ബിഗ് ബോസ് പരിണയം എങ്ങനെ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.

പല സാമൂഹ്യവിഷയങ്ങളിലും ശ്രീലക്ഷ്മി നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും ഇടപെടലുകളും അവർക്ക് പോസിറ്റീവ് ആയും നെഗറ്റീവ് ആയുമുള്ള ഫെയിം ഇതിനോടകം നൽകിക്കഴിഞ്ഞു. ഒരു ഫെമിനിസ്റ്റ് എന്ന നിലയിലാണ് ശ്രീലക്ഷ്മി തന്നെ അടയാളപ്പെടുത്തുന്നത്. അത്തരം വിഷയങ്ങളിൽ തന്നെയാണ് അവർ തന്റെ തുറന്നുപറച്ചിലുകളും നടത്താറുള്ളത്. പല വിഷയങ്ങളിലും ശ്രീലക്ഷ്മി നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങൾക്ക് പിന്നാലെ അവർക്ക് വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. ആക്റ്റിവിസ്റ്റ്, ഫെമിനിസ്റ്റ് എന്നീ ലേബലുകൾക്ക് പുറമേ പ്രൊഫഷണലി ശ്രീലക്ഷ്മി ഒരു അധ്യാപികയാണ്.

ഫേസ്‌ബുക്കിലെ എഴുത്തുകൾ ശ്രീലക്ഷ്മിയെ സോഷ്യൽ മീഡിയയിൽ പലർക്കും പരിചിതയാക്കിയിട്ടുണ്ടെങ്കിലും പൊതുസമൂഹം ആ പേര് ശ്രദ്ധിക്കുന്നത് വിജയ് പി നായർ എന്ന വിവാദ യൂട്യൂബറെ കയ്യേറ്റം ചെയ്ത വിഷയത്തിലായിരുന്നു. ഇതിനു പിന്നാലെ ആർത്തവം അടക്കമുള്ള സ്ത്രീവിഷയങ്ങളിൽ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞ് ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധേയയായി. വളരെ സാധാരണനിലയിൽനിന്ന് സ്വന്തം പ്രയത്നവും കഴിവും കൊണ്ട് ഉയർന്നുവന്ന വ്യക്തികൂടിയാണ് ശ്രീലക്ഷ്മി. തന്റെ അരക്ഷിതമായ കുടുംബസാഹചര്യങ്ങളെ കുറിച്ചും അച്ഛനോടുള്ള വെറുപ്പിനെ കുറിച്ചുമെല്ലാം അവർ തുറന്നുപറഞ്ഞത് പലർക്കും ഉൾക്കൊള്ളാനായിരുന്നില്ല. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയയായ യുവതിയെ പിന്തുണച്ച് രംഗത്തെത്തിയ ശ്രീലക്ഷ്മി വളരെ കടുത്ത രീതിയിൽ സൈബർ ആക്രമണത്തിന് വിധേയയായി. അതിന് പിന്നാലെ അതുവരെ കാണാത്ത അവരുടെ മറ്റൊരു മുഖമാണ് നമ്മൾ കണ്ടത്. ഒരു അഭിമുഖത്തിൽ ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌ സംസാരിച്ച ശ്രീലക്ഷ്മി താൻ നേരിടുന്ന സൈബർ ബുള്ളിയിങ് സഹിക്കാനാവാത്തതാണെന്ന് തുറന്നുപറഞ്ഞു. ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ താൻ നേടിയതൊക്കെ തന്റെ കഠിനാധ്വാനം മാത്രം കൊണ്ടാണ് എന്ന ശ്രീലക്ഷ്മിയുടെ വാക്കുകൾക്ക് പിന്നാലെ അവരെ കുറ്റപ്പെടുത്തിയ രാഹുൽ ഈശ്വർ പോലും ക്ഷമ ചോദിക്കുകയുമുണ്ടായി. സ്ത്രീ ലൈംഗികതയെ പറ്റി ശ്രീലക്ഷ്മി അടുത്തിടെ നടത്തിയ പരാമർശവും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അതിനെ പിന്തുണച്ചും എതിർത്തും നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തു.

ഇത്തരമൊരു സാഹചര്യത്തിലാണ് ശ്രീലക്ഷ്മി ബിഗ് ബോസ് വീട്ടിലേക്കും എത്തുന്നത്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയാൻ മടിക്കാത്ത ശ്രീലക്ഷ്മി ബിഗ് ബോസ് വീട്ടിലും അങ്ങനെ തന്നെ തുടരുമെങ്കിൽ വീടിനുള്ളിൽ പല തീപ്പൊരികളും വീഴാൻ തന്നെയാണ് സാധ്യത. അതേസമയം മുൻപിൻ ചിന്തിക്കാതെയുള്ള അവരുടെ അഭിപ്രായപ്രകടനങ്ങൾ നെഗറ്റീവ് ഇമേജ് ആണോ കൂടുതൽ ഉണ്ടാക്കുക എന്നും ഇപ്പോൾ പ്രവചിക്കാനാവില്ല. ഹൗസിലെ പ്രധാന ടാർഗെറ്റുകളിൽ ഒരാളും ശ്രീലക്ഷ്മി തന്നെയാകാം സാധ്യതയുണ്ട്. അത്തരം പ്രകോപനങ്ങൾ ശ്രീലക്ഷ്മി ഏത് രീതിയിലാകും മറികടക്കുക എന്നതും പ്രധാനമാണ്. 'കളവ് പറഞ്ഞ് ജയിക്കുന്നതിലും നല്ലത് സത്യം പറഞ്ഞ് തോൽക്കുന്നതാണ്' എന്നാണ് ശ്രീലക്ഷ്മി തന്റെ ഫേസ്‌ബുക്ക് ബയോയിൽ കുറിച്ചിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ ശ്രീലക്ഷ്മിയുടെ പോരാട്ടം സത്യത്തിനൊപ്പമാകുമോ അതോ അസത്യത്തിനൊപ്പമാകുമോ എന്നും കണ്ടുതന്നെ അറിയാം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming